ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം തകര്‍ക്കാന്‍ പിണറായി വിജയന്‍ എത്ര ശ്രമിച്ചാലും നടക്കില്ല : കെ മുരളീധരന്‍

google news
k muralidharan

തിരുവനന്തപുരം: ‘നവകേരള സദസ്സ്’ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. സര്‍ക്കാര്‍ ചെലവില്‍ മുഖ്യ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറിയെന്ന് വിമര്‍ശനം. ലീഗുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം തകര്‍ക്കാന്‍ പിണറായി വിജയന്‍ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണം 101 ശതമാനവും ശരിയായെന്നും ഇതിനെ സിപിഐഎം പൂര്‍ണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും മുരളീധരന്‍ ആരോപിച്ചു. ഒരു സ്ഥലത്തുനിന്ന് പരാതി കിട്ടിയാല്‍ നാല്‍പ്പത്തഞ്ച് ദിവസത്തിനകം പരിഹരിക്കുമെന്നാണ് ഇന്നലെ പറഞ്ഞത്. നാല്‍പ്പത്തഞ്ചു ദിവസമാകുമ്പോഴേക്കും യാത്ര കഴിയും. ഇത് ആളെ പറ്റിക്കാനാണ് എന്ന് പറഞ്ഞത് 101 ശതമാനം ശരിയായിയാണെന്നും മുരളീധരന്‍ പറഞ്ഞു.

‘വീട് ചോദിക്കുന്നു, വീടില്ല. ക്ഷേമപെന്‍ഷന്‍ ചോദിക്കുന്നു, പെന്‍ഷന്‍ ഇല്ല. സപ്ലൈകോയില്‍ ചെല്ലുമ്പോള്‍ സബ്‌സിഡി ഇല്ല. മാവേലി സ്റ്റോറില്‍ ചെല്ലുമ്പോള്‍ പഞ്ചാസാര ഇല്ല. പിന്നെ എന്ത് സദസ്സാണ് നടത്തുന്നത്?’-മുരളീധരന്‍ വിമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ സമയത്ത് ഓണ്‍ ദ സ്‌പോട്ടിലാണ് പരിഹാരം ഉണ്ടാക്കിയിരുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.ഇന്ന് അങ്ങനെയില്ല.

ജനത്തിന് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാന്‍ കഴിയുന്നില്ല. അവരെ നേരെ കൗണ്ടറിലേക്ക് അയക്കുന്നു. അവര് പരാതികൊടുക്കുന്നു. തിരിച്ചു പോരുന്നു. അതില്‍ കൂടുതലായി ഒന്നും നടക്കുന്നില്ല. മാത്രമല്ല, ഇതിനെ പൂര്‍ണമായും രാഷ്ട്രീയ വേദിയാക്കി മാറ്റി. ഇന്നലെ ഉദ്ഘാടന വേദിയില്‍ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും ഉണ്ടായിരുന്നു.

സര്‍ക്കാര്‍ പരിപാടിയില്‍ ഇരുവര്‍ക്കുമെന്താ കാര്യം. അവര്‍ ജനപ്രതിനിധികളാണോ അല്ലല്ലോ. നവകേരള സദസ്സ് സര്‍ക്കാര്‍ പരിപാടി അല്ല, സി.പി.എം. പരിപാടിയാണ് എന്നും മുരളീധരന്‍ വിമര്‍ശിച്ചു.

Tags