മുഖം മിനുക്കലല്ല, വികൃതമാക്കൽ; കെ മുരളീധരൻ

google news
 K muraleedharan

തിരുവനന്തപുരം: മുഖം മിനുക്കാനാണ് മന്ത്രിസഭാ പുനഃസംഘടന എന്ന് പറയുന്നുണ്ടെങ്കിലും, മുഖം കൂടുതൽ വികൃതമാകുന്ന ലക്ഷണമാണ് കാണുന്നതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മന്ത്രിസഭാപുനഃസംഘടന ഇടതുമുന്നണിയുടെ ആഭ്യന്തരകാര്യമാണെന്ന് പറഞ്ഞ അദ്ദേഹം, വർഷംതോറും സ്പീക്കറെ മാറ്റുന്ന രീതി ശരിയല്ലെന്നും കൂട്ടിച്ചേർത്തു.

ചിലർ പുറത്തുപോകുന്നു, ചിലർ വരുന്നു എല്ലാം ഊഹാപോഹങ്ങളാണ്. ഞങ്ങൾക്ക് ഇതിൽ ഒരു താത്പര്യവുമില്ല. മന്ത്രിസഭാ പുനഃസംഘടന ഇടതുമുന്നണിയുടെ ആഭ്യന്തര കാര്യമാണ്. കേട്ടിടത്തോളം മുഖം മിനുക്കാൻ ആയിരിക്കില്ല, മുഖം കൂടുതൽ വികൃതമാകുന്ന ലക്ഷണമാണ് ഇതിലൂടെ കാണുന്നത്- മുരളീധരൻ പറഞ്ഞു.

'വർഷം തോറും സ്പീക്കറെ മാറ്റുന്ന രീതി ശരിയല്ല. ഞങ്ങളുടെ കാലത്തും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. ആ രീതിയോട് യോജിക്കുന്ന ആളല്ല ഞാൻ. വീണ്ടും സ്പീക്കറെ മാറ്റുമെങ്കിൽ ഇത് മൂന്നാമത്തെ സ്പീക്കറെ ആകും തിരഞ്ഞെടുക്കുക. മന്ത്രിസഭ പോലെയല്ല, എം.എൽ.എമാർ വോട്ട് ചെയ്തിട്ടാണ് സ്പീക്കറെ തിരഞ്ഞെടുക്കേണ്ടത്. സ്പീക്കർ എന്നത് നിഷ്പക്ഷമായ ഒരു പദവിയാണ്, അതിനെ രാഷ്ട്രീയമായി മാറ്റുന്നത് ശരിയല്ല എന്ന് വി.എസ്. അച്യുതാന്ദൻ പറഞ്ഞിട്ടുണ്ട്. എനിക്കും അത് തന്നെയാണ് പറയാനുള്ളത്'- അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് സൂചന കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. നവംബറില്‍ പുനഃസംഘടന നടന്നേക്കുമെന്നായിരുന്നു വിവരം. കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തിയേക്കുമെന്നും, ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ സ്പീക്കറാക്കുമെന്നും എഎൻ ഷംസീറിന് സ്പീക്കർ പദവി നഷ്ടമാകുമെന്നുള്ള വാർത്തകളും പുറത്തു വന്നിരുന്നു.

Tags