കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകും ; കെ. മുരളീധരൻ

UDF candidate K Muraleedharan files complaint against Congress for giving advertisement to recruit people for rally

 കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തീരുമാനമുണ്ടാകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടികയിൽ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡ് പ്രതിനിധികളുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കേവലം എംഎൽഎമാരുടെ എണ്ണം മാത്രം നോക്കിയാവില്ലെന്ന് മുരളീധരൻ പറഞ്ഞു. “കോൺഗ്രസ് ഒരു മുഖ്യമന്ത്രിയെ മാത്രമല്ല, യുഡിഎഫിന്റെ മുഖ്യമന്ത്രിയെയാണ് തീരുമാനിക്കുന്നത്. അതിനാൽ ഘടകകക്ഷികളുടെ നിലപാടും ജനവികാരവും ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കും. എംഎൽഎമാരുടെ എണ്ണം മാത്രമായിരുന്നു മാനദണ്ഡമെങ്കിൽ പ്രഖ്യാപനം നേരത്തെ തന്നെ ഉണ്ടാകുമായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. വേഗത്തിൽ തീരുമാനമെടുക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായും മുരളീധരൻ അറിയിച്ചു.

മുഖ്യമന്ത്രി ചർച്ചകൾക്കിടെ സംസ്ഥാനത്തുണ്ടായ പ്രതിഷേധങ്ങൾ സ്വാഭാവികമല്ലെന്നും ആസൂത്രിതമാണെന്നും ചില മുതിർന്ന നേതാക്കൾ രാഹുൽ ഗാന്ധിയെ ധരിപ്പിച്ചു. ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കാൻ ഒരു വിഭാഗം ബോധപൂർവ്വം ശ്രമിച്ചതാണെന്നും, പ്രതിഷേധങ്ങൾ പെട്ടെന്ന് അവസാനിച്ചത് ഇതിന് തെളിവാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഇവ ജനകീയ പ്രതിഷേധങ്ങളല്ലെന്നും ഹൈക്കമാൻഡിന് നൽകിയ റിപ്പോർട്ടിലുണ്ട്.

Tags