സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കും : മന്ത്രി കെ. മുരളീധരൻ
തൃശൂർ/മുളങ്കുന്നത്തുകാവ്: പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ സേവനങ്ങളുടെ സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 1960കളിലെ സ്റ്റാഫ് പാറ്റേൺ ആണ് പിന്തുടരുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ആശുപത്രികളിലെ മരുന്നുകളുടെ ക്ഷാമത്തിന് ഈ മാസം തന്നെ പരിഹാരമുണ്ടാകും. മരുന്നില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകരുത്. തൃശൂർ മെഡിക്കൽ കോളജിൽ എം.ആർ.ഐ സ്കാനിങ് സംവിധാനം ആരംഭിച്ചത് പാവപ്പെട്ട രോഗികൾക്ക് പ്രയോജനകരമാണെന്ന് മന്ത്രി പറഞ്ഞു. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ കിടത്തി ചികിത്സ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു.
4.73 കോടി രൂപ ചെലവഴിച്ച് നിർമിച്ച പത്ത് കിടക്കകളുള്ള സമഗ്ര സ്ട്രോക്ക് കെയർ യൂനിറ്റ്, പത്ത് കോടി രൂപയുടെ 1.5 ടെസ്‌ല എം.ആർ.ഐ സ്കാനിങ് സംവിധാനം, 1.20 കോടി രൂപ വകയിരുത്തി നവീകരിച്ച നവജാതശിശു തീവ്രപരിചരണ വിഭാഗം, 7.85 ലക്ഷം രൂപ ചെലവിൽ വിപുലീകരിച്ച സെൻട്രൽ മെഡിക്കൽ ഗ്യാസ് ആൻഡ് ഓക്സിജൻ പ്ലാന്റ് എന്നിവയാണ് മന്ത്രി നാടിന് സമർപ്പിച്ചത്. കൂടാതെ പെയിൻ ആൻഡ് പാലിയേറ്റിവ് ഹൗസ് വിസിറ്റ്, ഓങ്കോ റിഹാബിലിറ്റേഷൻ ക്ലിനിക്ക്, ഉപകരണ സമാഹരണത്തിനായുള്ള ‘സുഗമം’ ക്രൗഡ് ഫണ്ടിങ് പദ്ധതി എന്നിവക്കും തുടക്കമായി.
.jpg)

