യു പ്രതിഭയ്‌ക്കെതിരെയുള്ള പരാമർശം കോണ്‍ഗ്രസിന്റെ സ്ത്രീ വിരുദ്ധതയുടെ പുതിയ ഉദാഹരണമെന്ന് കെ കെ ശൈലജ
എം എൽ എ യു പ്രതിഭയ്‌ക്കെതിരെ കായംകുളത്തെ യുഡിഎഫ് കണ്‍വീനര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങൾക്കെതിരെ ശൈലജ ടീച്ചർ രംഗത്ത്. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സ്ത്രീ വിരുദ്ധതയുടെ പുതിയ ഉദാഹരണമാണ് ഈ പരാമര്‍ശമെന്നും രാഷ്ട്രീയമായ വിയോജിപ്പുകളെ സ്ത്രീകള്‍ക്കെതിരെയാവുമ്പോള്‍ അങ്ങേയറ്റം നീചമായ ഭാഷയിലാണ് യുഡിഎഫുകാര്‍ പ്രചരിപ്പിക്കുന്നതെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി. വടകരയിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് താൻ വ്യക്തിപരമായി അനുഭവിച്ച കാര്യമാണ്. അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെയോ കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെയോ കുറിച്ച് എതിര്‍പ്പ് ഉന്നയിക്കാനില്ലാത്തതിനാലാണ് വ്യക്തിപരമായ അക്രമിച്ച് ആത്മവീര്യം തകര്‍ക്കാന്‍ യുഡിഎഫ് ശ്രമം നടത്തുന്നതെന്ന് കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ ‘അവള്‍ക്കൊപ്പ’മെന്ന നിലപാടെടുക്കുന്ന പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും സ്വന്തം സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടാവുന്ന ഇത്തരം രീതികളോട് നേര്‍വിപരീത സമീപനമാണ് സ്വീകരിക്കുന്നതെന്നത് സമീപകാല കേരളത്തിന്റെ അനുഭവമാണ്. കായംകുളത്ത് യുഡിഎഫ് നേതാവിന്റെ പ്രസംഗം സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായിക്കാണാന്‍ സാധിക്കാത്ത യുഡിഎഫിന്റെ ജീര്‍ണമായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ തെളിവാണെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
നാടിന്റെ വികസനത്തെയും ജനങ്ങളുടെ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യാതെ വ്യക്തിപരമായ ആക്രമണങ്ങളിലൂടെ വോട്ട് നേടി വിജയിക്കാമെന്നാണ് യുഡിഎഫ് കരുതുന്നതെങ്കില്‍ ആത്മാഭിമാന ബോധമുള്ള കേരളത്തിലെ സ്ത്രീ സമൂഹം അതിന് മറുപടി നല്‍കും. യുഡിഎഫിന്റെ സ്ത്രീപക്ഷ നിലപാടിലെ കാപട്യം തിരിച്ചറിഞ്ഞ് കേരളീയ ജനത പ്രതികരിക്കുമെന്നും കെ കെ ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
.jpg)


