ജനങ്ങള്‍ക്ക് നിയമ പ്രകാരമുള്ള നീതി ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

google news
ddd

പത്തനംതിട്ട : ജനങ്ങള്‍ക്ക് നിയമപ്രകാരമുള്ള നീതി  ഉറപ്പാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന്   ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കരുതലും കൈത്താങ്ങും അടൂര്‍ താലൂക്ക് തല അദാലത്ത് അടൂര്‍ ഹോളി ഏയ്ഞ്ചല്‍സ്  ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും അര്‍ഹമായ നീതി നടപ്പിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നീതി ഉറപ്പക്കും. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും ജനങ്ങളിലേക്ക് എത്തി ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുകയാണ്.

സെക്രട്ടറിയേറ്റ്, ഡയറക്ടറേറ്റ്, ജില്ലകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കിയ ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പെന്റിംഗിലായിരുന്ന എഴുപതു ശതമാനം പ്രശ്‌നങ്ങളും തീര്‍പ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. സുതാര്യവും വേഗത്തിലും സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വലിയ ജനസ്വീകാര്യതയും ജനപങ്കാളിത്തവുമാണ് അദാലത്തുകളില്‍ ഉണ്ടാകുന്നത്. മേയ് എട്ടിന് റാന്നി, മേയ് ഒന്‍പതിന് തിരുവല്ല, മേയ് 11ന് കോന്നി എന്നിവിടങ്ങളിലും താലൂക്ക്തല അദാലത്തുകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.ജനങ്ങളുടെ പരാതികള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് അദാലത്തിന്റെ ലക്ഷ്യമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ പരാതികള്‍ അടൂര്‍ താലൂക്കിലാണ്. അവയ്‌ക്കെല്ലാം അദാലത്തില്‍ പരിഹാരമുണ്ടാവുമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്  അയ്യര്‍, അടൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അര്‍. തുളസീധരന്‍ പിള്ള ,പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, എഡിഎം ബി.രാധാകൃഷ്ണന്‍, അടൂര്‍ ആര്‍ഡിഒ എ.തുളസീധരന്‍ പിള്ള, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വകുപ്പു മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags