മാനഭംഗക്കേസിലെ പ്രതികളെ വെടിവയ്ക്കുമ്പോൾ കൈയടിക്കുന്നത് നീതിന്യായവ്യവസ്ഥയുടെ പോരായ്മ- ജസ്റ്റിസ് ജെ.ചെലമേശ്വർ
തിരുവനന്തപുരം: മാനഭംഗക്കേസിലെ പ്രതികളെ പോലീസ് വെടിവെച്ചു കൊല്ലുമ്പോൾ ജനങ്ങൾ കൈയടിക്കുന്നത് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ പോരായ്മ ബോധ്യപ്പെടുത്തുന്നതാണെന്ന് സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ് ജെ.ചെലമേശ്വർ പറഞ്ഞു. ഭരണഘടന നിലവിൽവന്ന് 75 വർഷം കഴിയുമ്പോഴും നീതി ഉറപ്പായ ഒരു സമൂഹം ഉണ്ടായിട്ടില്ല. പുതുതലമുറയിലാണ് പ്രതീക്ഷ. ഈ രാഷ്ട്രീയ ഭരണരീതിയിൽ മാറ്റംകൊണ്ടുവരാൻ പുതുതലമുറയ്ക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടും തിരുവനന്തപുരം ലോ കോളേജും ചേർന്നു നടത്തിയ ഭരണഘടനാ ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ജെ.ചെലമേശ്വർ.
ഭരണാധികാരം വ്യക്തികളിലേക്കും ഒരുവിഭാഗത്തിലേക്കും ചുരുങ്ങുമ്പോൾ നീതിനിർവഹണം ശരിയായവിധത്തിലാകണമെന്നില്ല. പാർലമെന്റിലായാലും നിയമസഭകളിലായാലും പ്രശ്‌നങ്ങൾ ഓരോന്നും ചർച്ച ചെയ്യുമെങ്കിലും തീരുമാനം ഭൂരിപക്ഷ നിലപാടിലാണ്. ഭൂരിപക്ഷം പറയുന്നതെല്ലാം ശരിയാകണമെന്നുണ്ടോയെന്ന ചോദ്യം പ്രധാനമാണ്. അതുകൊണ്ടാണ് ഭരണവ്യവസ്ഥയ്ക്കു ചില തത്ത്വങ്ങൾ വേണ്ടിവരുന്നത്. ആ തത്ത്വങ്ങളാണ് ഭരണഘടനയിലുള്ളതെന്നും ചെലമേശ്വർ പറഞ്ഞു.