വായ്പ തിരിച്ചടച്ചതുകൊണ്ട് മാത്രം ഇഡി കേസിൽ നിന്ന് ഒഴിവാക്കാനാകില്ല; കരുവന്നൂർ കേസിലെ ഹർജി തള്ളി ഹൈക്കോടതി

Just because you repay the loan, you cannot be exempted from the ED case; High Court rejects the petition in Karuvannur case

കൊച്ചി: കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. പ്രതിയും ബന്ധുക്കളും ചേർന്ന് വായ്പാ തുക തിരിച്ചടച്ചു എന്നത് മാത്രം കണക്കിലെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത കേസിൽ നിന്ന് ഒഴിവാക്കാനാകില്ലെന്ന് ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. വായ്പാ തുക തിരിച്ചടച്ചുവെന്നത് നിയമപ്രകാരമുള്ള കുറ്റകൃത്യത്തെ ഇല്ലാതാക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ഭാരവാഹികളുടെയും ഒത്താശയോടെ ഹർജിക്കാരനും നാല് ബന്ധുക്കളും ചേർന്ന് സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി അഞ്ച് കോടി രൂപയോളം വായ്പ തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഈ തുക ഉപയോഗിച്ച് ഇവർ കർണാടകയിൽ ഭൂമി വാങ്ങുകയും, പിന്നീട് അന്വേഷണ ഏജൻസി ഈ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. തുടർന്ന് 2025-ഓടെ ബാങ്കിലെ കുടിശ്ശിക തുകയായ 4.3 കോടി രൂപ തിരിച്ചടച്ച് വായ്പ ക്ലോസ് ചെയ്തു.

പണം തിരിച്ചടച്ചതിനാൽ പിഎംഎൽഎ കേസിൽ നിന്ന് ഒഴിവാക്കണമെന്നും കണ്ടുകെട്ടിയ സ്വത്തുക്കളും രേഖകളും തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് പ്രതി വിചാരണക്കോടതിയെയും തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചത്. എന്നാൽ പ്രഥമദൃഷ്ട്യാ കുറ്റകൃത്യത്തിലൂടെ ലഭിച്ച സ്വത്തുക്കൾ കൈകാര്യം ചെയ്തതായി കണ്ടെത്തിയ സാഹചര്യത്തിൽ ഹൈക്കോടതി ഹർജി തള്ളുകയായിരുന്നു. ഹർജിക്കാരൻ പ്രാഥമിക കുറ്റകൃത്യത്തിൽ പ്രതിയല്ലെങ്കിൽ പോലും, കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കൈകാര്യം ചെയ്തതിന് കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

Tags