തൊടുപുഴയിൽ വാഹനാപകടത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം
തൊടുപുഴ: ഔദ്യോഗിക ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ ആരോഗ്യവകുപ്പ് ജീവനക്കാരിക്ക് ദാരുണാന്ത്യം. വണ്ണപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ മുണ്ടന്മുടി ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും മടക്കത്താനം സ്വദേശിനിയുമായ വെട്ടുകല്ലുംപുറത്ത് ജൂബീന ഇമ്രാൻ (36) ആണ് മരിച്ചത്. മാങ്ങാട്ടുകവല–ഷാപ്പുംപടി നാലുവരിപ്പാതയിൽ ബുധനാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു ടാറിങ് ജീപ്പും ജൂബീന സഞ്ചരിച്ച സ്കൂട്ടറും കൂട്ടിയിടിച്ച അപകടം.
ഔദ്യോഗിക ജോലികൾ പൂർത്തിയാക്കിയ ശേഷം ബസിൽ മാങ്ങാട്ടുകവലയിലെത്തിയ ജൂബീന, അവിടെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട ജീപ്പ് തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജൂബീനയുടെ ഭർത്താവ് ഇമ്രാൻ കരീമാണ്. മക്കൾ ഇമാദ്, ഇസ ഫാത്തിമ. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ളുഹർ നമസ്കാരത്തിനുശേഷം കാരിക്കോട് നൈനാർ പള്ളി ഖബർസ്ഥാനിലാണ് സംസ്കാരം നടക്കുക. കുടുംബത്തെയും സഹപ്രവർത്തകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് അപ്രതീക്ഷിത വിയോഗം.
അതേസമയം, റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാരോപിച്ച് സി.പി.എം വെങ്ങല്ലൂർ–ഷാപ്പുംപടി റോഡ് ഉപരോധിച്ചു. അപകടത്തെ തുടർന്ന് റോഡ് നിർമാണത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കെ, അപകടത്തിന്റെ സാഹചര്യങ്ങളും റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതികളും ശ്രദ്ധേയമാകുന്നു.
.jpg)


