പൊലീസിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി

bhadrakeerthi

പോസിറ്റീവായി കാര്യങ്ങള്‍ നടക്കുമെന്നാണ് കരുതിയത്. എന്നാല്‍ നിറയെ ടിസ്റ്റുകളാണ്.

പൊലീസിലും കോടതിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചേരാനല്ലൂരില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി. പൊലീസും സര്‍ക്കാരും കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനവമാണ് നേരിട്ടത്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന് മനസിലാകുന്നില്ല. ഡ്രാമ പോലെയാണ് തോന്നിയത്. പോസിറ്റീവായി കാര്യങ്ങള്‍ നടക്കുമെന്നാണ് കരുതിയത്. എന്നാല്‍ നിറയെ ടിസ്റ്റുകളാണ്. എന്താണ് നടക്കുന്നത് എന്ന് മനസിലാകുന്നില്ല. ഇനി എന്താകുമെന്നും അറിയില്ലെന്നും ഭദ്രകീര്‍ത്തി പറഞ്ഞു. കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപ്പീല്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികരണം.


എന്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുക്കാന്‍ പാടില്ലെന്ന് കോടതി പറഞ്ഞതെന്ന് മനസിലാകുന്നില്ല. എഫ്ഐആര്‍ പോലും ഇടാന്‍ പാടില്ലെന്നാണ് കോടതി പറയുന്നത്. തനിക്കെന്നല്ല കേരളത്തിലുള്ള ആര്‍ക്കും കോടതിയോടുള്ള വിശ്വാസം ഇല്ല എന്നുതന്നെ പറയാം. കോടതിയിലും പൊലീസിലും പ്രശ്നങ്ങളുണ്ട്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളതെന്നും ഭദ്രകീര്‍ത്തി പറഞ്ഞു.

ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാന്‍ കോടതി തയ്യാറായിരുന്നില്ല. പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നടപടി. അപ്പീലുകളില്‍ ഗുരുതര വീഴ്ചയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. പിഴ ചുമത്താതിരിക്കാന്‍ പ്രോസിക്യൂഷന്‍ കാരണം ബോധിപ്പിക്കണമെന്നും അറിയിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും കോടതി ചോദിച്ചു. ഗുരുതര കുറ്റം അല്ലെങ്കില്‍ ജുവനൈലിതിരെ എഫ്‌ഐആര്‍ ഇടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജുവനൈല്‍ കേസുകളില്‍ കുറഞ്ഞത് ഏഴ് വര്‍ഷം തടവ് കിട്ടുന്ന കുറ്റങ്ങള്‍ക്ക് മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നും കോടതി പറഞ്ഞിരുന്നു.

കേസില്‍ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. പ്രതിയായ പതിനേഴുകാരന്റെ പിതാവിന്റെ ജാമ്യേപേക്ഷയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി പരിഹസിക്കുകയാണ് ചെയ്തത്. എല്ലാ ജാമ്യാപേക്ഷയിലും ഇത്തരത്തില്‍ മറുപടി നല്‍കണമെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്.

Tags