ബസിന്റെ തകരാര്‍ നീക്കുന്നതിനിടെ ജാക്കി തെന്നിമാറി ; ബസിനടിയില്‍പ്പെട്ട് കായംകുളം സ്വദേശിയ്ക്ക് ദാരുണാന്ത്യം

dead

ബസിന്റെ അറ്റകുറ്റപ്പണിക്കായി ഗിരിപ്രകാശും സഹപ്രവര്‍ത്തകന്‍ അശ്വിനും ബസ് ജാക്കി വെച്ച് ഉയര്‍ത്തിയ ശേഷം അടിയില്‍ കിടന്ന് പണിയെടുക്കുകയായിരുന്നു

ബസിന്റെ തകരാര്‍ നീക്കുന്നതിനിടെ ജാക്കി തെന്നിമാറി ബസിനടിയില്‍പ്പെട്ട് കായംകുളം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കായംകുളം സ്വദേശി ഗിരിപ്രകാശാണ് (23) മരിച്ചത്. കോഴിക്കോട് സരോവരം ഗ്രൗണ്ടില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. ബസിന്റെ അറ്റകുറ്റപ്പണിക്കായി ഗിരിപ്രകാശും സഹപ്രവര്‍ത്തകന്‍ അശ്വിനും ബസ് ജാക്കി വെച്ച് ഉയര്‍ത്തിയ ശേഷം അടിയില്‍ കിടന്ന് പണിയെടുക്കുകയായിരുന്നു. ഇതിനിടെ ജാക്കി സ്ഥാനം തെറ്റി ബസ് ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനി ജീവനക്കാരാണ് ഇരുവരും.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗിരിപ്രകാശിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന അശ്വിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. 
ഗിരിപ്രകാശിന്റെ മൂത്ത സഹോദരന്‍ ഹരിപ്രകാശ് 2013ല്‍ കായംകുളം കായലില്‍ കക്ക വാരുന്നതിനിടെ മുങ്ങിമരിച്ചിരുന്നു. കൂലിപ്പണിക്കാരനായ പ്രകാശിനും വീട്ടമ്മയായ ലതികയ്ക്കും രണ്ട് മക്കളെയും നഷ്ടമായിരിക്കുകയാണ്.
 

Tags