യുദ്ധങ്ങളില്‍ ആത്യന്തികമായി പരാജയപ്പെടുന്നത് മനുഷ്യനും മനുഷ്യത്വവും ; അമേരിക്കയും ഇസ്രയേലും ലോകത്തിന്റെയാകെ ശത്രുക്കളെന്ന് എം സ്വരാജ്
ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവരും ഇപ്പോഴും വന്‍തോതില്‍ ആണവശേഖരം കൈവശം വെച്ചിരിക്കുന്നവരുമായ ശക്തികള്‍ ഇത്തരമൊരു വാദം ഉയര്‍ത്തുന്നത് ക്രൂരമായ ഫലിതമാണെന്ന് അദ്ദേഹം പരിഹസിച്ചു
ഇറാനെ ലക്ഷ്യമിട്ടുള്ള അമേരിക്കന്‍-ഇസ്രായേല്‍ സൈനിക നീക്കങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം നേതാവ് എം. സ്വരാജ്. ലോകം വീണ്ടും അശാന്തിയിലേക്ക് നീങ്ങുകയാണെന്നും സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതി മാനവികതയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇറാനെതിരായ ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ പുറത്തുവരുന്ന വാര്‍ത്തകള്‍ ഹൃദയഭേദകമാണെന്ന് സ്വരാജ് ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണവും നിരവധി കുഞ്ഞുങ്ങളുടെ ദാരുണമായ മരണവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, എല്ലാ യുദ്ധങ്ങളും ആദ്യം ഇല്ലാതാക്കുന്നത് സ്ത്രീകളെയും കുട്ടികളെയും നിസ്സഹായരായ മനുഷ്യരെയുമാണെന്ന് ഓര്‍മ്മിപ്പിച്ചു. യുദ്ധങ്ങളില്‍ ആത്യന്തികമായി പരാജയപ്പെടുന്നത് മനുഷ്യനും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു.
tRootC1469263">ഇറാന്‍ ആണവായുധം നിര്‍മ്മിച്ചേക്കുമെന്ന കാരണം പറഞ്ഞാണ് നിലവിലെ ആക്രമണങ്ങള്‍ അരങ്ങേറുന്നത്. എന്നാല്‍ ലോകത്തിലാദ്യമായി ആണവായുധം പ്രയോഗിച്ചവരും ഇപ്പോഴും വന്‍തോതില്‍ ആണവശേഖരം കൈവശം വെച്ചിരിക്കുന്നവരുമായ ശക്തികള്‍ ഇത്തരമൊരു വാദം ഉയര്‍ത്തുന്നത് ക്രൂരമായ ഫലിതമാണെന്ന് അദ്ദേഹം പരിഹസിച്ചു. 'അമേരിക്കയും ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള അവരുടെ കൂട്ടാളികളും ഇറാന്റെ മാത്രമല്ല, ലോകത്തിന്റെയാകെ ശത്രുക്കളായി മാറിയിരിക്കുന്നു. ഇവര്‍ മനുഷ്യവംശത്തിന്റെ ശത്രുക്കളാണ്' സ്വരാജ് പറഞ്ഞു.
സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ ലോകമെങ്ങുമുള്ള മനുഷ്യര്‍ അണിനിരക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കൊല്ലപ്പെടുന്ന ഓരോ മനുഷ്യനും നമ്മുടെ സഹോദരങ്ങളാണെന്നും യുദ്ധഭീകരതയ്ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകള്‍ ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുഞ്ഞുങ്ങളുടെ ചോര പുരണ്ട സാമ്രാജ്യത്വ ശക്തികള്‍ക്ക് മാനവികതയുടെ മുദ്രാവാക്യങ്ങള്‍ വഴികാട്ടിയാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.
.jpg)


