ഇ ഡി അപസര്‍പ്പക കഥകള്‍ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നത് ദുരൂഹം ; രൂക്ഷ വിമര്‍ശനവുമായി ദേശാഭിമാനി

Masapadi case; ED says it has received crucial evidence to summon Veena Vijayan for questioning

ഇ ഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് വിമര്‍ശനം.

സിഎംആര്‍എല്‍-എക്സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. ഇ ഡി അപസര്‍പ്പക കഥകള്‍ മെനയുന്നതും കേസ് വലിച്ചുനീട്ടുന്നതും ദുരൂഹമാണെന്ന് ദേശാഭിമാനി ആരോപിച്ചു. ഇ ഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ലെന്ന തലക്കെട്ടിലെഴുതിയ എഡിറ്റോറിയലിലാണ് വിമര്‍ശനം.

'മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ഏറ്റവും വലിയ ആയുധമായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ വ്യാപകമായി ഉപയോഗിക്കുകയാണ്. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സിഎംആര്‍എല്‍-എക്സാലോജിക് വിവാദവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരില്‍ സിപിഐഎമ്മിനെയും പാര്‍ട്ടി നേതാക്കളെയും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പ്രചാരണം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരം കാര്യങ്ങള്‍ പ്രസക്തമാവുന്നത്. പാര്‍ട്ടി നേതാക്കളുടെ സുഹൃത്തുക്കളിലേക്കും കടന്നുചെന്ന് അന്വേഷണത്തിന്റെ പേരില്‍ ഭീകരത സൃഷ്ടിക്കുകയാണ്', ദേശാഭിമാനി വിമര്‍ശിച്ചു.
'ഒരു സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ എതിരെ ഉയര്‍ന്ന ആരോപണങ്ങളെപറ്റി അന്വേഷിക്കുന്നതിന്റെ പരിധികടന്ന് ഒരു രാഷ്ട്രീയപാര്‍ട്ടിയെയും അതിന്റെ നേതാക്കളെയും അവരുമായി ബന്ധമുള്ളവരെയും ലക്ഷ്യമിട്ട് പരിശോധനകള്‍ നടത്തുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്. രാഷ്ട്രീയ നാടകങ്ങള്‍ ജനം തിരിച്ചറിയും. അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ പ്രചാരണം നടത്തി സിപിഐഎമ്മിനെ ദുര്‍ബലപ്പെടുത്താമെന്ന് വ്യാമോഹിക്കേണ്ട', എഡിറ്റോറിയല്‍ വിമര്‍ശിച്ചു.

'അന്വേഷണ ഏജന്‍സികള്‍ ആരോപണം ഉന്നയിക്കുന്നതുകൊണ്ടുമാത്രം ഒരാള്‍ കുറ്റവാളിയാകുന്നില്ല. എഫ്ഐആറില്‍ പേര് വരുന്നതുകൊണ്ടും റെയ്ഡ് നടക്കുന്നതുകൊണ്ടും മാധ്യമങ്ങളില്‍ വരുന്നതുകൊണ്ടും കുറ്റം തെളിയുന്നില്ല. കുറ്റം തെളിയേണ്ടത് കോടതിയിലാണ്. മദ്യനയക്കേസിലുള്‍പ്പെടെ കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത പലതവണ കോടതികളില്‍ തകര്‍ന്നടിഞ്ഞതാണ്' എന്നും ദേശാഭിമാനി കുറ്റപ്പെടുത്തി.

Tags