മാറ്റത്തിനായി ജനം വോട്ടു ചെയ്തു; ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍
കോട്ടയം: എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ലെന്നും മാറ്റത്തിനായി ജനം വോട്ടു ചെയ്തുവെന്നും ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ജനങ്ങള്‍ വോട്ടു ചെയ്ത് അധികാരത്തില്‍ വന്ന സര്‍ക്കാരിന്, ജനങ്ങളോടുള്ള സമീപനം എന്താണെന്ന് അറിയേണ്ടതുണ്ടെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.
ശബരിമല വിഷയം മുതല്‍ നടന്ന കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വളരെ ആശങ്കയുണ്ടായിരുന്നു. അതിനെ രാഷ്ട്രീയമായി അവര്‍ കണ്ടില്ല. അതിനായി ഒരു ടൂളായി കണ്ടത് കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിന് ഇങ്ങനെയൊരു ഭൂരിപക്ഷം കിട്ടിയത് ജനങ്ങള്‍ സഹകരിച്ചിട്ടാണ്, അല്ലാതെ മുഴുവന്‍ കോണ്‍ഗ്രസുകാരാണ് വോട്ടു ചെയ്തതെന്ന് ആരും ധരിക്കേണ്ട. കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചില്ല എന്നൊന്നും പറയുന്നില്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് ഭരണം അവസാനം വന്നപ്പോള്‍ മാറേണ്ടതായിരുന്നു എന്നു തോന്നിയിരുന്നു. അക്കാര്യം താന്‍ പറഞ്ഞിട്ടുണ്ട്. ഇടതു സര്‍ക്കാരുമായി സൗഹൃദത്തിലായിരുന്നു. എന്‍എസ്എസ് സമദൂരം പാലിച്ചാണ് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്, അവരുടേയാ ഇക്വേഷന്‍സ് നോക്കി മന്ത്രിസഭയുണ്ടാക്കട്ടെ. അതില്‍ ഞങ്ങള്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയല്ല. ആരെങ്കിലും മുഖ്യമന്ത്രിയാകട്ടെ. ആരു വന്നാലും കുഴപ്പമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
.jpg)

