'കെ കെ രമ ചോദിച്ച ചോദ്യം പ്രസക്തമല്ലേ, ചരിത്രപരമായ ആ തെറ്റ് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നെങ്കിലും പറയുമോ'

manu thomas

വി എസ് അച്യുതാനന്ദന്‍ പറഞ്ഞതുപോലെ ടി പി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നെങ്കിലും പറയുമോ എന്നും മനു തോമസ് ചോദിച്ചു

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പറ്റിയ തെറ്റ് സിപിഐഎം ഇനിയെങ്കിലും ഏറ്റുപറയണമെന്ന് ഡിവൈഎഫ്ഐ മുന്‍ നേതാവ് മനു തോമസ്. ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുടെ പേരില്‍ ശബ്ദമുയര്‍ത്തിയത് ടി പി ചന്ദ്രശേഖരനെ ഭൂമഖത്ത് നിന്ന് തന്നെ ഇല്ലാതാക്കിയ ചരിത്രപരമായ തെറ്റ് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്ന് പറയുമോ എന്നാണ് മനു തോമസ് ചോദിച്ചത്. വി എസ് അച്യുതാനന്ദന്‍ പറഞ്ഞതുപോലെ ടി പി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നെങ്കിലും പറയുമോ എന്നും മനു തോമസ് ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മനു തോമസിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തെറ്റ് തിരുത്താനും ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകള്‍ക്കും കോഴിക്കോട് ഒത്തുചേരുമ്പോള്‍ SFI മുന്‍ സംസ്ഥാന കമ്മറ്റി അംഗവും പാര്‍ട്ടി മുന്‍ ഏരിയ സെക്രട്ടറിയുടെ മകളുമായ സ: കെ കെ രമ ചോദിച്ച ചോദ്യം വളരെ പ്രസക്തമല്ലേ...? അവരുടെ ഭര്‍ത്താവും സിപിഐഎം നേതാവുമായിരുന്ന സഖാവിനെ ആശയഭിന്നതയുടെയും ഉള്‍പ്പാര്‍ട്ടി പ്രശ്നങ്ങളുടെ പേരില്‍ ശബ്ദമുയര്‍ത്തിയതിന് ഭൂമുഖത്ത് നിന്ന് തന്നെ ഇല്ലാതാക്കിയ ചരിത്രപരമായ തെറ്റ് ചെയ്ത സിപിഐഎം അങ്ങനെ ഒന്ന് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നും സ: വി എസ് പറഞ്ഞത് പോലെ ടി പി ചന്ദ്രശേഖരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നെങ്കിലും പറയുമോ.

ബേബി സഖാവ് പറഞ്ഞത്, ലെനിനും ഇഎംഎസിനും തെറ്റ് പറ്റിയിട്ടുള്ളത് ഏറ്റുപറഞ്ഞിട്ടുള്ളവരാണ് എന്നാണ്. അങ്ങനെയെങ്കില്‍ ഇവിടെ എന്താണ് മറയ്ക്കാനുള്ളത്. സിപിഐഎമ്മിന്റെ വിശ്വാസ്യതയെയും സംഘടനാ ചരിത്രത്തെയും ഇത്രമേല്‍ പോറലേല്‍പ്പിച്ച ആ സംഭവം ഏക്കാലവും കോഴിക്കോട്ടെയും മലബാറിലെയും കേരളത്തിലെയും സിപിഐഎമ്മിനെയും വേട്ടയാടും. ഉണ്ണുന്ന ചോറിനുള്ളില്‍ നിന്ന് പഴയ സഖാവിന്റെ ചോരമണം ഒരിക്കലും മാറില്ല, അയാളും ഇന്ന് നിങ്ങള്‍ക്കൊപ്പം ഇത്തരം സമ്മേളനങ്ങളുടെ ഭാഗമാകേണ്ട നേതൃത്വമായിരുന്നില്ലേ. നയപരവും ആശയപരവുമായ ഉള്‍പ്പാര്‍ട്ടി സമരങ്ങളില്‍ വാള്‍തലപ്പ് ഉപയോഗിക്കപ്പെട്ടത് തെറ്റായിപ്പോയി എന്നെങ്കിലും ബേബി സഖാവ് പറഞ്ഞിരുന്നെങ്കില്‍ ഈ കുമ്പസാരത്തിന് പ്രസക്തി ഉണ്ടാകുമായിരുന്നു.

Tags