'വര്‍ഗ്ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി?'; എ വിജയരാഘവനെതിരെ ഫ്‌ലക്‌സ്

vijayaraghavan

നേരത്തെ എസ്ഡിപിഐ നേതാവുമൊത്തുള്ള എ വിജയരഘവന്റെ ഭക്ഷണ വിരുന്ന് വീഡിയോ വിവാദമായിരുന്നു.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെതിരെ മലപ്പുറം തിരൂരില്‍ ഫ്‌ലക്‌സ്. 'സഖാക്കളേ, വര്‍ഗ്ഗീയവാദികളെ കൂട്ടുപിടിച്ച് പാര്‍ട്ടിയെ വിറ്റ് കാശാക്കിയ ഇവനല്ലേ ശരിക്കും പരനാറി ?, ഇവനോടല്ലേ നമ്മള്‍ കടക്ക് പുറത്ത് എന്ന് പറയേണ്ടത്', എന്നാണ് ഫ്ളക്സില്‍ കുറിച്ചിരിക്കുന്നത്.
'SAVE CPIM' എന്ന പേരിലാണ് ഫ്‌ലക്സ് പ്രത്യക്ഷപ്പെട്ടത്. തിരൂര്‍ നഗരമധ്യത്തിലാണ് ഫ്‌ലക്സ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ എസ്ഡിപിഐ നേതാവുമൊത്തുള്ള എ വിജയരഘവന്റെ ഭക്ഷണ വിരുന്ന് വീഡിയോ വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മലബാറിലെ വിവിധ ജില്ലകളില്‍ നിന്നും വിജയരാഘവനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് വീഡിയോ പുറത്തുവന്നത്.


എസ്ഡിപിഐ തിരൂര്‍ മുന്‍സിപ്പല്‍ വൈസ് പ്രസിഡന്റ് ഷാഫിയ്‌ക്കൊപ്പമുള്ള വീഡിയോയാണ് പുറത്ത് വന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസമായിരുന്നു കൂടിക്കാഴ്ച. ഷാഫിയും സുഹൃത്തുകളും പാട്ടുപാടുന്നതും വിജയരാഘവന്‍ ഭക്ഷണം കഴിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എസ്ഡിപിഐ നേതാവുമായുളള വിജയരാഘവന്റെ ബന്ധം എന്താണെന്നാണ് സിപിഐഎം അണികള്‍ ചോദിക്കുന്നത്.

വീഡിയോ വിവാദത്തിലായതിനെ പിന്നാലെ വിശദീകരണവുമായി എസ്ഡിപിഐ നേതാവും രംഗത്തെത്തിയിരുന്നു. സൗഹൃദ കൂടിക്കാഴ്ച്ച മാത്രമാണ് നടന്നതെന്നായിരുന്നു എസ്ഡിപിഐ നേതാവ് ഷാഫിയുടെ വിശദീകരണം.

Tags