കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ ബിജെപിയായേനെ എന്ന നിലപാട് ഇപ്പോഴുമുണ്ടോ? പത്മജയുടെ കോൺഗ്രസ് മടങ്ങിവരവ്;19 തുറന്ന ചോദ്യങ്ങളുമായി ഡോ. ജിന്റോ ജോൺ

Is it still the case that if K Karunakaran was alive, he would have joined BJP? Padmaja's return to Congress; Dr. Jinto John with 19 open questions

കൊച്ചി: ബിജെപി വിട്ട പത്മജ വേണുഗോപാൽ കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ, പത്മജയോട് 19 തുറന്ന ചോദ്യങ്ങളുമായി കോൺഗ്രസ് മാധ്യമ വക്താവ് ഡോ. ജിന്റോ ജോൺ വീണ്ടും രംഗത്ത്. മുൻപ് കോൺഗ്രസിനെയും നേതാക്കളെയും കടന്നാക്രമിച്ച് പത്മജ നടത്തിയ വിവാദ പ്രസ്താവനകൾ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജിന്റോ ജോൺ ചോദ്യങ്ങൾ ഉന്നയിച്ചത്. പത്മജയുടെ മടങ്ങിവരവിനെതിരെ കഴിഞ്ഞ ദിവസവും അദ്ദേഹം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.

സംഘപരിവാർ വിരുദ്ധ രാഷ്ട്രീയത്തിൽ വ്യക്തത വരുത്തിയ ശേഷം, ഒരു സാധാരണ പ്രവർത്തകയായും അനുഭാവിയായും നിരുപാധികം പത്മജ പാർട്ടിയിലേക്ക് വരട്ടെയെന്നാണ് ജിന്റോ ജോണിന്റെ നിലപാട്. പ്രവർത്തകരുടെ വൈകാരികത മനസ്സിലാക്കാനും, അവരെ സ്വീകരിക്കാൻ അണികളുടെ മനസ്സ് പാകപ്പെടാനും ഒരു 'ഗ്രേസ് പിരീഡ്' അനിവാര്യമാണെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

മുൻപ് ബിജെപിയിൽ ചേർന്ന സമയത്തും അതിനുശേഷവും പത്മജ നടത്തിയ പരാമർശങ്ങൾ എടുത്തുപറഞ്ഞാണ് ജിന്റോ ജോൺ ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അച്ഛൻ കെ. കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ തനിക്ക് മുൻപ് ബിജെപി ആയേനെ എന്ന നിലപാട് ഇപ്പോഴുമുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസിലായിരുന്നപ്പോൾ ചന്ദനക്കുറി തൊടാൻ പേടിയായിരുന്നുവെന്ന് പറഞ്ഞ അഭിപ്രായം ഇപ്പോഴുമുണ്ടോ അതോ ആ പേടി മാറിയോ എന്നും അദ്ദേഹം പരിഹസിച്ചു. സൗന്ദര്യമുള്ള സ്ത്രീകൾ കോൺഗ്രസിൽ എത്തിയാൽ ജീവിതം തകർന്നുപോകുമെന്ന സ്ത്രീവിരുദ്ധ നിലപാട് തിരുത്തുമോയെന്നും, ഷാഫി പറമ്പിൽ വർഗീയവാദിയാണെന്ന് പറഞ്ഞ നിലപാടിൽ മാറ്റമുണ്ടായോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്കാണ് മറുപടി തേടിയിരിക്കുന്നത്.

പാർട്ടി വിട്ടുപോകാതെ ഉറച്ചുനിന്ന പ്രവർത്തകരുടെ ആത്മാഭിമാനത്തെ മാനിച്ചുകൊണ്ടുവേണം ബിജെപിയിൽ നിന്ന് മടങ്ങിവരുന്നവർക്ക് പരവതാനി വിരിക്കാനെന്ന് ജിന്റോ ഓർമ്മിപ്പിച്ചു. കെ. കരുണാകരന്റെ രാഷ്ട്രീയ പാരമ്പര്യം കോൺഗ്രസിൽ ഉപേക്ഷിച്ചു പോയതിനാൽ തിരിച്ചുവരുന്നത് വെറുമൊരു പത്മജ മാത്രമാണെന്നും, അവരെ സ്വീകരിക്കും മുൻപ് കൃത്യമായ രാഷ്ട്രീയ സൂക്ഷ്മപരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ വിശ്വാസ്യത എന്നത് മിനിമം മര്യാദയാണെന്നും, പോരാടി നിന്ന പ്രവർത്തകരുടെ മുറിവുണക്കിയ ശേഷമേ അധികാര ആസ്വാദകർക്ക് പന്തലൊരുക്കാവൂ എന്നും വ്യക്തമാക്കിയാണ് ജിന്റോ ജോൺ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Tags