മാലിന്യ സംസ്‌ക്കരണത്തിനും പുനരുപയോഗത്തിനും പുതിയ കണ്ടുപിടുത്തം : കണ്ണൂര്‍ സ്വദേശികള്‍ക്ക് പേറ്റന്റ്

കണ്ണൂര്‍ : ബ്രഹ്മഗിരിയിലെ മാലിന്യവിഷയം കേരളത്തില്‍ കത്തിനില്‍ക്കുമ്പോള്‍ മാലിന്യ സംസ്‌ക്കരണത്തിനും പുനരുപയോഗത്തിനും പുതിയ കണ്ടുപിടുത്തം നടത്തിയ കണ്ണൂര്‍ സ്വദേശികള്‍ക്ക് പേറ്റന്റ്.
പയ്യാമ്പലം സ്വദേശിയായ എന്‍.ടി. മഹേഷ്, താഴെചൊവ്വ സ്വദേശിയായ കെ.പി. ലിജേഷ് എന്നിവര്‍ക്കാണ് മാലിന്യ സംസ്‌ക്കരണവും മാലിന്യങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതുമടക്കമുളള വിവിധ കണ്ടുപിടുത്തങ്ങള്‍ ഉള്‍ക്കൊളളുന്ന പുതിയ കണ്ടുപിടുത്തതിന് പാറ്റെന്റ് ലഭിച്ചത്.
ഖര, ദ്രാവക, വാതക മാലിന്യ സംസ്‌ക്കരണം അവയുടെ പുനരുല്‍പ്പാദനം, മലിനജല ശുദ്ധീകരണം, പലതരത്തിലുളള അപകടകാരികളായ വാതകങ്ങള്‍ ഇല്ലാതാക്കാനും നീക്കം ചെയ്യാനുമുളള സാങ്കേതിക വിദ്യയും മെഷിനറികളും കണ്ടുപിടുത്തം പ്രദാനം ചെയ്യുന്നു. കൂടാതെ അറവുശാല മാലിന്യങ്ങള്‍,പച്ചക്കറി മാലിന്യങ്ങള്‍, ചപ്പുചവറുകള്‍ തുടങ്ങി എല്ലാതരം ജൈവമാലിന്യങ്ങളും ഇരുമ്പ്, സ്റ്റീല്‍,ടിന്‍,തൂണികള്‍, ചെരുപ്പ്,പേപ്പര്‍, പ്ലാസ്റ്റിക്സ്, റബ്ബര്‍,തെര്‍മോകോള്‍ തുടങ്ങി വിവിധ വസ്തുക്കള്‍, ഇ മാലിന്യങ്ങള്‍ പ്രധാനമായും കെമിക്കല്‍സ് അടങ്ങിയ ട്യൂബ് ലൈറ്റ് പോലുളളവയില്‍ നിന്നും രാസമാലിന്യങ്ങള്‍ നീക്കം ചെയ്ത് പുനരുല്‍പ്പാദനം ചെയ്യാനുളള സാങ്കേതിക വിദ്യ, ബയോ മൈനിംഗ് എല്ലാതരം മാലിന്യങ്ങള്‍ കൂടിക്കലര്‍ന്ന മണ്ണ് നിറഞ്ഞ് നില്‍ക്കുന്ന ബ്രഹ്മപുരം പോലുളള വലിയ കുന്നുകള്‍ അതില്‍ നിന്നും പ്ലാസ്റ്റിക്, മെറ്റല്‍, ഇരുമ്പുരുക്ക്, ചപ്പുചവറുകള്‍ മുതലായവ നീക്കം ചെയ്യാനും അതിലെ മണ്ണില്‍ നിന്ന് സ്വര്‍ണ്ണം പോലുളള വിലയേറിയ ലോഹാംശങ്ങള്‍ ബയോ ലീച്ചിങ് പ്രോസസിലൂടെ വേര്‍തിരിക്കാനുളള സാങ്കേതിക വിദ്യ, റീസൈക്ളിംഗ് ചെയ്യാന്‍ സാധ്യമല്ലാത്ത പ്ലാസ്റ്റിക് കവറുകളില്‍ നിന്നും ബയോ ഡീസല്‍ നിര്‍മ്മാണം, ഡിഗ്രേഡബിളായ ചപ്പുചവറുഖല്‍, അറവുശാല മാലിന്യങ്ങള്‍, പച്ചക്കറി മാലിന്യങ്ങള്‍ എന്നിവയില്‍ നിന്നും സിഎന്‍ജി ഗ്യാസ് നിര്‍മ്മിക്കുവാനുളള സാങ്കേതിക വിദ്യയും രണ്ടുപേരും ചേര്‍ന്ന് നിര്‍മ്മിച്ച് പേറ്റന്റ് ലഭിച്ച കണ്ടുപിടുത്തത്തില്‍ ഉള്‍പ്പെടും.
ഇതെല്ലാം ഉള്‍ക്കൊളളുന്ന കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയറും മൊബൈല്‍ അപ്ലിക്കേഷനും പേറ്റന്റ് ലഭിച്ച കണ്ടുപിടുത്തത്തിന്റെ ഭാഗമാണ്. 186 രാജ്യങ്ങള്‍ അംഗീകരിച്ചതാണ് പേറ്റന്റ്.
ഇരുപത് വര്‍ഷത്തിലധികമായി വെയ്സ്റ്റ് മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മഹേഷ് ആധുനിക കാലഘട്ടത്തില്‍ സമൂഹത്തിലുണ്ടായിരിക്കുന്ന മാലിന്യത്തിന്റെ അളവിലുണ്ടായിരിക്കുന്ന വര്‍ദ്ധനവിലെ ആശങ്കയും ഇവ നീക്കം ചെയ്യാനുളള പുതിയ കണ്ടെത്തലുകള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയുമാണ് പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിയതെന്നും ഇ വെയ്സ്റ്റ് കൈകാര്യം ചെയ്യുന്ന കാര്യത്തിലടക്കം നമ്മുടെ സംസ്ഥാനം ഏറെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഇതിന് തങ്ങളുടെ സംരംഭത്തിന് വളരെ വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും ഇരുവരും പറഞ്ഞു.
വാണിജ്യ-വ്യവസായ താല്‍പ്പര്യങ്ങളോടെയല്ല ഇത്തരം ഒരു ശ്രമമെന്നും നാടിനോടുളള കടപ്പാടു കൂടിയാണ് ഇതിന് പിന്നിലെന്നും മഹേഷ് പറഞ്ഞു. ലോകത്ത് ഏത് കമ്പനികളും സര്‍ക്കാരും ആവശ്യപ്പെട്ടാലും സേവനം ലഭ്യമാക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇരുവരും പറഞ്ഞു. മഹേഷിന്റെ ഭാര്യ കെ.പി. ബിയാസിനയും ഇവരുടെ നേട്ടത്തിന്‍ പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.