ഓടുന്ന ബസിന്റെ ചില്ല് തകർത്ത് ഇതരസംസ്ഥാന തൊഴിലാളി പുറത്ത് ചാടി; സാരമായ പരിക്ക്

ksrtc
ksrtc

മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ചില്ലുതകർത്ത് പുറത്ത്ചാടിയ ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. ഝാർഖണ്ഡ് സ്വദേശി മനോജ് കിഷനാണ് (28) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ മാനന്തവാടിക്കു സമീപം ദ്വാരകയിലായിരുന്നു സംഭവം.

കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് പുറപ്പെട്ട ബസിലെ യാത്രക്കാരനായിരുന്നു മനോജ് കിഷൻ. സുഹൃത്തുക്കൾക്കൊപ്പമാണ് മനോജ് ടിക്കറ്റെടുത്തത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവാണ് മനോജ് കിഷനെന്നു സംശയിക്കുന്നു. ചുണ്ടേൽമുതൽ അസ്വസ്ഥത പ്രകടിപ്പിച്ച മനോജിനോട് കണ്ടക്ടർ അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടിരുന്നു.

tRootC1469263">

ബസ് ദ്വാരകയിലെത്തിയതോടെ പിന്നിൽനിന്ന്‌ ഓടിയെത്തിയ മനോജ് തലകൊണ്ടിടിച്ച് ബസിന്റെ ചില്ലുതകർത്ത് പുറത്തേക്കു ചാടുകയായിരുന്നു. തലയ്ക്ക്‌ സാരമായി പരിക്കേറ്റ മനോജിന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി. പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

Tags