സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയിൽ നിന്ന് പുറത്താക്കാനാവില്ല : ഹൈക്കോടതി

It is not election campaign..! The government tells the High Court that the Chief Minister's WhatsApp message is not election campaign.

 സ്വസമുദായ വിവാഹ ആചാരം പാലിക്കാത്തവരെ ക്നാനായ സഭയിൽ നിന്ന് പുറത്താക്കാനാവില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി. സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചാൽ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്നും സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് ഈ രീതി പിന്തുടരുന്നതെന്ന സഭയുടെ വാദം നിലനിൽക്കില്ലെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധിച്ചു. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ സഭയിൽ നിന്ന് പുറത്താക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നത് എന്നതിനാൽ അത് റദ്ദാക്കാൻ സഭയ്ക്ക് അധികാരമില്ല. ക്രിസ്തുവിന്റെ വചനങ്ങളോ ബൈബിളോ കത്തോലിക്കാ സഭാ നിയമങ്ങളോ സ്വസമുദായ വിവാഹം നിർബന്ധമാക്കുന്നില്ല. മാത്രമല്ല, സ്വസമുദായ വിവാഹരീതി വെറുമൊരു കീഴ്‌വഴക്കം മാത്രമാണെന്നും അത് മതപരമായ നിയമമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും വത്തിക്കാൻ തന്നെ മുൻപ് നിലപാടെടുത്തിട്ടുള്ള കാര്യവും കോടതി ചൂണ്ടിക്കാട്ടി.

മറ്റ് അംഗങ്ങൾക്ക് ലഭിക്കുന്ന അതേ അവകാശങ്ങൾ ഇതര സഭയിൽ നിന്നുള്ളവരെ വിവാഹം ചെയ്യുന്നവർക്കും നൽകണമെന്നും ഇതിനായി ഇടവക വികാരിമാർ വിവാഹ കൂദാശ ചെയ്തു നൽകണമെന്നും കോടതി ഉത്തരവിട്ടു. സ്വസമുദായ വിവാഹം ഒരു അനിവാര്യ മതാചാരമല്ലാത്ത സാഹചര്യത്തിൽ, കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിന്യായത്തിൽ ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Tags