ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു; വിജയ് പറഞ്ഞാൽ താഴെയിറങ്ങാം: വീടിനുമുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

 climbing on top of house

മലപ്പുറം : കൊണ്ടോട്ടി അങ്കപ്പറമ്പിൽ വീടിനുമുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന്‌ പിന്തിരിപ്പിച്ചു. ബുധൻ രാവിലെ ഏഴരയോടെയാണ്‌ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. താമസിക്കുന്ന വീടിന്റെ മുകളിൽ ഗ്യാസ് കുറ്റിയും ലൈറ്ററുമായി കയറിയ യുവാവ് ഗ്യാസ് കത്തിച്ച് ആത്മഹത്യചെയ്യുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തെന്ന് ആരോപിച്ചായിരുന്നു ഭീഷണി. ആരാധനാപാത്രമായ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ആവശ്യപ്പെട്ടാൽ ആത്മഹത്യയിൽനിന്ന്‌ പിന്തിരിയുമെന്നും ഇയാൾ വിളിച്ച് പറഞ്ഞു. ബ്ലേഡ് കൊണ്ട് കൈയിൽ തലങ്ങും വിലങ്ങും കോറി മുറിവേൽപ്പിച്ചു.

അനുനയിപ്പിക്കാനുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും ശ്രമങ്ങൾക്ക് ഇയാൾ വഴങ്ങിയില്ല. തേഞ്ഞിപ്പലം പൊലീസും മീഞ്ചന്തയിൽനിന്നുള്ള ഫയർ സ്റ്റേഷനിലെ ഓഫീസർമാരും സ്ഥലത്തെത്തി. യുവാവിനെ അനുനയിപ്പിക്കുവാൻ നിരന്തര ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവിൽ അയൽവാസികളായ രണ്ടുപേരുമായി സംസാരിക്കാൻ യുവാവ് തയ്യാറായി. 

വീട്ടിൽനിന്നും മാറിത്താമസിക്കുന്ന പിതാവിൽനിന്നും ലഭിക്കാനുള്ള പണം കിട്ടിയാൽ ആത്മഹത്യാശ്രമം ഉപേക്ഷിക്കാമെന്ന് അവരെ അറിയിച്ചു. പിതാവിന്റെ കൈവശം അത്രയും തുകയില്ലാതിരുന്നതിനാൽ യുവാവ് പറഞ്ഞ പണം തൽക്കാലം നൽകാൻ മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്തയാൾ തയ്യാറായി. ഇതോടെ ഇയാൾ ആത്മഹത്യാശ്രമം ഉപേക്ഷിച്ച് അമ്മാവനൊപ്പം ആശുപത്രിയിലേക്ക് പോയി. അമ്മയോടൊപ്പമാണ് യുവാവ് താമസിക്കുന്നത്. ബിടെക് ബിരുദധാരിയായ ഇയാൾ അവിവാഹിതനാണ്. 

Tags