മൂന്നാറില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കണം; മൃഗസ്‌നേഹികളുടെ സംഘടന ഹൈക്കോടതിയില്‍


ഏറ്റുമുട്ടലില്‍ ഒറ്റക്കൊമ്പന് വലത് മുന്‍ കാലിന്റെ മുട്ടിനു മുകളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
മൂന്നാറില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികളുടെ സംഘടന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. വാക്കിംഗ് ഫൗണ്ടേഷന്‍ ഫോര്‍ ആനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പത്താം തീയതി കോടതി പരിഗണിക്കും. അതേസമയം, പരിക്കേറ്റ ആനയെ വിശദമായി നിരീക്ഷിക്കുന്നതിന് വെറ്റിനറി ഡോക്ടര്‍മാരുടെ സംഘം നാളെ മൂന്നാറില്‍ എത്തും. ഒരു മാസം മുമ്പാണ് ഒറ്റക്കൊമ്പന്‍ എന്ന് വിളിക്കുന്ന കാട്ടാനയും പടയപ്പ എന്ന് വിളിക്കുന്ന കാട്ടാനയും തമ്മില്‍ മൂന്നാറിന് സമീപം കല്ലാറിലെ മാലിന്യ പ്ലാന്റില്‍ വെച്ച് ഏറ്റുമുട്ടിയത്.
ഏറ്റുമുട്ടലില്‍ ഒറ്റക്കൊമ്പന് വലത് മുന്‍ കാലിന്റെ മുട്ടിനു മുകളില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ആനയെ നിരീക്ഷിക്കുകയും അസിസ്റ്റന്റ് വെറ്റിനറി സര്‍ജന്‍ നേരിട്ട് എത്തി ആനയെ കാണുകയും ചെയ്തിരുന്നു. പരിക്ക് ഗുരുതരം അല്ലെന്നും മുറിവ് കരിയുന്നുണ്ടെന്നുമായിരുന്നു അന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് വനംവകുപ്പിന്റെ ആര്‍ ആര്‍ ടി സംഘം ആനയെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് മൃഗസ്‌നേഹികളുടെ സംഘടന പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസ് കോടതി പരിഗണിക്കാന്‍ ഇരിക്കവെയാണ് ആനയെ നേരിട്ട് എത്തി നിരീക്ഷിക്കുന്നതിനായി വെറ്റിനറി സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്.
