തൃശ്ശൂരിൽ ബസിന് പിറകില്‍ ബസിടിച്ചു; 18 പേര്‍ക്ക് പരുക്ക്

google news
accident

തൃശൂര്‍: ചിയ്യാരത്ത് ബസിന് പിറകില്‍ ബസിടിച്ച് രണ്ടു വിദ്യാര്‍ഥികളും സ്ത്രീകളുമടക്കം 18 പേര്‍ക്ക് പരുക്കേറ്റു. 10 പേരെ കൂര്‍ക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും എട്ടുപേരെ ജില്ലാ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല. ഇന്നലെ രാവിലെ എട്ടോടെ ചിയ്യാരം പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

തൃശ്ശൂരിൽ ബസിന് പിറകില്‍ ബസിടിച്ചു; 18 പേര്‍ക്ക് പരുക്ക്


കോടാലിഊരകംതൃശൂര്‍ റൂട്ടിലോടുന്ന അയ്യപ്പജ്യോതി ബസിന് പിറകില്‍ തൃശൂര്‍ചേര്‍പ്പ്്തൃപ്രയാര്‍ റൂട്ടിലോടുന്ന ക്രൈസ്റ്റ് മോട്ടോഴ്‌സ് ബസ് ഇടിക്കുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന സ്‌കൂള്‍ ബസ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് തൊട്ടുപിറകിലുണ്ടായിരുന്ന അയ്യപ്പജ്യോതി ബസും ബ്രേക്ക് ചവിട്ടി. ഇതോടെ പിറകിലുണ്ടായിരുന്ന ക്രൈസ്റ്റ് മോട്ടോഴ്‌സ് ബസ് ഇടിക്കുകയായിരുന്നു. ബസിന്റെ ചില്ല് പൊട്ടി ദേഹത്തു കയറിയാണ് പലര്‍ക്കും പരുക്കേറ്റത്. അപകടത്തില്‍ അയ്യപ്പജ്യോതിയുടെ പിറകുവശവും ക്രൈസ്റ്റ് മോട്ടോഴ്‌സിന്റെ മുന്‍വശവും തകര്‍ന്നു. ക്രൈസ്റ്റ് മോട്ടോഴ്‌സിന്റെ മുന്‍വശത്തുണ്ടായിരുന്നവര്‍ക്കാണ് കൂടുതല്‍ പരുക്കേറ്റത്.

അതേസമയം ഈ റോഡിലൂടെ ബസുകള്‍ സ്ഥിരമായി അമിത വേഗതയിലാണ് ഓടുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
അപകം നടന്ന സമയത്ത് ഇരു ബസുകളും റോഡിന്റെ വലതുവശത്തായിരുന്നു എന്നും നാട്ടുകാര്‍ വ്യക്തമാക്കി. കണിമംഗലം-പാലക്കല്‍ റൂട്ടില്‍ കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നതിനാല്‍ തൃശൂരിലേക്കുള്ള  ബസുകള്‍ ചിയ്യാരം വഴി ചുറ്റിയാണ് പോകുന്നത്. ഇതുമൂലമുണ്ടാകുന്ന സമയ നഷ്ടം മറികടക്കാനാണ് ബസുകള്‍ ഈ വഴിയിലൂടെ അമിത വേഗത്തില്‍ പായുന്നതെന്നും നാട്ടുകാര്‍ പറയുന്നു. റോഡുപണി നടക്കുന്നതിനാല്‍ മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തൃശൂര്‍ മുതല്‍ പെരുമ്പിള്ളിശേരി വരെയുള്ള റൂട്ടില്‍ അപകടങ്ങള്‍ പതിവാണ്. ഒരു മാസം മുമ്പാണ് കണിമംഗലം പാലത്തിനടുത്ത് ബസ് മറിഞ്ഞ് അമ്പതോളം പേര്‍ക്ക് പരുക്കേറ്റത്.
 

Tags