ക്രോഡീകരിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു വിവരം നിഷേധിക്കാൻ പാടില്ല: വിവരാവകാശ കമ്മീഷണർ
വിവരങ്ങൾ ക്രോഡീകരിച്ചിട്ടില്ല എന്ന മറുപടി നൽകി വിവരങ്ങൾ നിഷേധിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സംസ്ഥാന വിവരവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല വിവരാവകാശ അപേക്ഷകൾക്കും വിവരം ലഭ്യമല്ല, വിവരം ക്രോഡീകരിച്ചിട്ടില്ല തുടങ്ങിയ മറുപടികൾ നൽകുന്നതായി കാണുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷകൾക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകാനുള്ള ബാധ്യത വിവരാവകാശ ഓഫീസർമാർക്കുണ്ട്. ഒഴിവുകഴിവുകൾ പറഞ്ഞ് വിവരം നൽകുന്നതിൽ നിന്നും രക്ഷപ്പെടാനാവില്ല. കൂടുതൽ മനുഷ്യാദ്ധ്വാനവും സമയവും എടുത്ത് ചില വിവരങ്ങൾ ക്രോഡീകരിച്ച് നൽകാൻ ബുദ്ധിമുണ്ടാകാം. എന്നാൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങൾ ക്രോഡീകരിച്ച് നൽകാവുന്നതാണ്. എളുപ്പത്തിൽ ക്രോഡീകരിച്ച് നൽകാൻ കഴിയുന്ന വിവരങ്ങൾ പോലും നൽകുന്നതായി കാണുന്നില്ലെന്നും കമ്മീഷണർ പറഞ്ഞു.
തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ജില്ലയിൽ നിയമം ലംഘിച്ചതിന് എത്ര ഭൂവുടമകൾക്കെതിരെ കേസെടുത്ത് ശിക്ഷ നടപ്പാക്കി എന്നും എത്ര വാഹനങ്ങൾ നിയമം ലംഘിച്ചതിന് കസ്റ്റഡിയിലെടുത്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള കോണോട്ട് പുത്തൻവീട്ടിൽ വിനോദ് കുമാറിൻ്റെ ചോദ്യത്തിന് ക്രോഡീകരിച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് വ്യക്തമായ മറുപടി നൽകിയിട്ടില്ല എന്ന പരാതിയിൽ ഒരു മാസത്തിനുള്ളിൽ വ്യക്തമായ മറുപടി നൽകണമെന്ന് കോഴിക്കോട് കളക്ടറേറ്റിലെ റവന്യൂ ഭൂരേഖ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് കമ്മീഷൻ നിർദ്ദേശിച്ചു.
ഹിയറിങ്ങിൽ ഹാജരാവാത്ത മമ്പാട് എംഇഎസ് കോളേജിലെ വിവരാവകാശ ഓഫീസർക്കും അപ്പീൽ അധികാരിക്കും കേരള സ്റ്റേറ്റ് ബീററേജസ് കോർപ്പറേഷൻ പെരുന്തൽമണ്ണ വെയർഹൗസ് മുൻ വിവരാവകാശ ഓഫീസർക്കും അപ്പീൽ അധികാരിക്കും ഹാജരാവൻ സമൻസ് അയക്കും.
വിവരാവകാശ അപേക്ഷകൾക്ക് കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകണമെന്ന് മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷൻ എസ് പി ഐ ഒയോട് കമ്മീഷൻ നിർദ്ദേശിച്ചു. രേഖകളുടെ പകർപ്പ് നൽകുമ്പോൾ അവ വ്യക്തവും വായിക്കാൻ കഴിയുന്ന തരത്തിലുള്ളതും ആയിരിക്കണമെന്ന് കോഴിക്കോട് റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറോട് നിർദ്ദേശിച്ചു. കോഴിക്കോട് ഹിയറിങ്ങിൽ 13 അപ്പീൽ ഹർജികൾ തീർപ്പാക്കി.