വിവരങ്ങൾ ആവശ്യപ്പെട്ടാൽ വൈകി നൽകുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യം, അത് ശിക്ഷാർഹമാണ് : വിവരാവകാശ കമീഷൻ

RighttoInformation

 കോഴിക്കോട്: വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ആവശ്യപ്പെട്ടാൽ വൈകി നൽകുന്നത് വിവരം നിഷേധിക്കുന്നതിന് തുല്യമാണെന്നും അത് ശിക്ഷാർഹമാണെന്നും സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി.കെ. രാമകൃഷ്ണൻ. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യവും വ്യക്തവുമായ വിവരങ്ങൾ സമയബന്ധിതമായി ലഭിക്കുക എന്നത് ഏതൊരു പൗരന്റെയും മൗലികാവകാശമാണ്. എന്നാൽ, പല ഓഫിസുകളിൽനിന്നും വിവരാവകാശ നിയമം അനുശാസിക്കുന്ന തരത്തിൽ വ്യക്തമായ വിവരങ്ങൾ സമയബന്ധിതമായി നൽകുന്നില്ല.

വിവരാവകാശ അപേക്ഷ ലഭിച്ചാൽ എത്രയും വേഗം അല്ലെങ്കിൽ പരമാവധി 30 ദിവസത്തിനകം നൽകണം. ഇപ്രകാരം വിവരം നൽകാത്തതിനാൽ അപേക്ഷകൻ രണ്ടാം അപ്പീൽ സമർപ്പിച്ചതിൽ കമീഷൻ റിപ്പോർട്ട് ആവശ്യപ്പെടുമ്പോഴാണ് പല ഓഫിസുകളിൽനിന്നും വിവരവും രേഖകളുടെ പകർപ്പും നൽകുന്നതായി കാണുന്നത്. ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കും. ഓരോ കാര്യാലയത്തിലെയും ഫയലുകൾ നശിച്ചു പോകാതിരിക്കാൻ ഡിജിറ്റലൈസേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിലൂടെ ഫയൽ സംരക്ഷിക്കേണ്ടതാണെണെന്നും കമീഷണർ പറഞ്ഞു.

ഫയലുകൾ കാണാനില്ലെന്ന് മറുപടി നൽകിയ താലൂക്ക് ലാൻഡ് ബോർഡ് സോണൽ സബ് ഓഫിസ്, കോഴിക്കോട് ലാൻഡ് ട്രൈബ്യൂണൽ ഓഫിസ്, പയ്യോളി വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലെ വിവരാവകാശ ഓഫിസർമാരോട് ഒരു ടീമിനെ വെച്ച് തിരച്ചിൽ നടത്തി ഫയൽ കണ്ടെത്തി വിവരം നൽകാൻ കമീഷണർ നിർദേശിച്ചു. അപേക്ഷകർക്ക് വ്യക്തമായ വിവരങ്ങൾ നൽകാത്ത ഫറോക്ക് നഗരസഭയിലെ വിവരാവകാശ ഓഫിസർമാരോട് കൃത്യമായ വിവരങ്ങൾ നൽകാൻ കമീഷണർ നിർദേശം നൽകി. ഹിയറിങ്ങിൽ 16 അപ്പീലുകൾ തീർപ്പാക്കി.

Tags