പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരണം; ചികിത്സാ പിഴവെന്ന് കുടുംബം

baby leg

കഴിഞ്ഞ മാസം 31നാണ് റീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സെപ്റ്റംബര്‍ ഒന്നാം തീയതി രാത്രി കുഞ്ഞിന്റെ അനക്കത്തില്‍ വ്യത്യാസം ഉള്ളതായി അധികൃതര്‍ അറിയിച്ചിരുന്നു

തിരുവനന്തപുരം:പേരൂർക്കട ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം  കുടപ്പനക്കുന്ന് സ്വദേശി ഷെറിന്‍-റീബ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസിലും ഡിഎച്ച്എസിനും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ മാസം 31നാണ് റീബയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സെപ്റ്റംബര്‍ ഒന്നാം തീയതി രാത്രി കുഞ്ഞിന്റെ അനക്കത്തില്‍ വ്യത്യാസം ഉള്ളതായി അധികൃതര്‍ അറിയിച്ചിരുന്നു. പിന്നീട് കുഞ്ഞിന്റെ അനക്കം പരിശോധിച്ചില്ലെന്നാണ് പരാതി.

സെപ്റ്റംബര്‍ രണ്ടാം തീയതി പുലര്‍ച്ചെ 4 മണിക്ക് പ്രസവത്തിനായി ലേബര്‍ റൂമില്‍ കയറ്റുന്നതിന് തൊട്ടുമുമ്പ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞിരുന്നു. പരാതിയില്‍ ആശുപത്രി അധികൃതര്‍ മുന്‍കരുതലുകള്‍ എടുക്കാതെ 7.30വരെ കാത്തുനിര്‍ത്തിയതായും ആരോപണമുണ്ട്.

തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. 108 ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സ്വകാര്യ ആംബുലന്‍സ് വിളിക്കേണ്ടി വന്നതായും പരാതിയില്‍ പറയുന്നുണ്ട്.  റീബക്ക് ഗര്‍ഭകാലത്തെ ഷുഗര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും പെട്ടെന്നാണ് കുഞ്ഞിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതെന്നും അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചെന്നും സൗകര്യങ്ങളുടെ അപര്യാപ്ത കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Tags