ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം 1' ഇന്ന് വിക്ഷേപിക്കും

d

15 മിനുട്ടും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും. നാല് പ്രധാന പേ ലോഡുകളാണ് ദൗത്യത്തിലുള്ളത്

ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ രംഗത്ത് പുതിയൊരു സുവർണ അധ്യായം കുറിച്ചുകൊണ്ട് രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ 'വിക്രം-1' ഇന്ന് വിക്ഷേപിക്കും. ഹൈദരാബാദ് ആസ്ഥാനമായുള്ള മുൻനിര സ്പേസ്-ടെക് സ്റ്റാർട്ടപ്പായ സ്കൈറൂട്ട് എയറോസ്പേസ് വികസിപ്പിച്ച റോക്കറ്റ് രാവിലെ 11.30-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് കുതിച്ചുയരുക.

'വരവ്' എന്നർത്ഥം വരുന്ന 'ആഗമൻ' എന്നാണ് ഈ ചരിത്ര ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. ഒരു സ്വകാര്യ കമ്പനി പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച വിക്ഷേപണ വാഹനം ഉപയോഗിച്ച് ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ പരീക്ഷണമാണിത്. വിക്ഷേപണത്തോടനുബന്ധിച്ച് വ്യോമ-കടൽ മാർഗങ്ങളിൽ ആവശ്യമായ മുൻകരുതലുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി കമ്പനി അറിയിച്ചിട്ടുണ്ട്.

പൂ‌ർണ്ണമായി ഘര ഇന്ധനം ഉപയോഗിക്കുന്ന മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ് വിക്രം 1. 22 മീറ്റ‌ർ ഉയരമുള്ള റോക്കറ്റിന്റെ താഴ്ന്ന ഭൂഭ്രമണപഥത്തിലേക്ക് 350 കിലോഗ്രാം ഭാരമയക്കാൻ കഴിയുമെന്നാണ് അവകാശവാദം. ആദ്യ ദൗത്യത്തില്‍ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റ‌ർ അകലെ എത്താനാണ് റോക്കറ്റ് ലക്ഷ്യമിടുന്നത്.ആദ്യ പരീക്ഷണ ദൗത്യമായതിനാല്‍ വലിയ ഉപഗ്രഹങ്ങളൊന്നും ഇത്തവണ അയക്കുന്നില്ല.

15 മിനുട്ടും 46 സെക്കൻഡും കൊണ്ട് ദൗത്യം പൂർത്തിയാകും. നാല് പ്രധാന പേ ലോഡുകളാണ് ദൗത്യത്തിലുള്ളത്. ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാ സ്പേസിന്റെ സോളാരസ് എസ് ത്രീ, മറ്റൊരു സ്റ്റാർട്ടപ്പ് കോസ്മോസെർവ് സ്പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റോബോ കൈ, സ്കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് സാറ്റ് എന്നിവയാണ് അതില്‍ പ്രധാനികള്‍.

ജർമ്മൻ കമ്പനി ഡിക്യൂബ്ഡ് സ്പേസിന്റെ ചെറു സാങ്കേതിക വിദ്യ പരീക്ഷണവും ദൗത്യത്തിന്‍റെ ഭാഗമാണ്. അതിന് പുറമേ വിക്രം സാരാഭായ്‍യുടെയും സി വി രാമന്റെയും ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെയും ഇത്തിരിക്കുഞ്ഞൻ പ്രതിമകളും ബഹാരാകാശത്തേക്ക് അയക്കുന്നുണ്ട്. ഒരു അരിമണിയേക്കാള്‍ ചെറുതാണ് ശില്‍പ്പങ്ങള്‍. ലാബ് നി‌ർമ്മിത ഡയമണ്ട് ആഭരണവും പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടക്കം ആശംസ കാ‌ർഡുകളും കൂടി റോക്കറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

Tags