ഇന്ത്യൻ നോളജ് സിസ്റ്റംസ് അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനം

Indian Knowledge Systems International Conference concludes

അമൃതപുരി: അമൃത ഐ കെ എസ് സെന്റർ ഓഫ് എക്സലൻസിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഇന്ത്യൻ നോളജ് ഫ്രെയിംവർക്സ്; ആയുർവേദം, വ്യാകരണം, ദർശനം എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിന് അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ സമാപനമായി.
ഐ കെ എസ് ഡിവിഷൻ, വിദ്യാഭ്യാസ മന്ത്രാലയം, ഭാരത സർക്കാർ എന്നിവയുടെ പിന്തുണയോടെ സംഘടിപ്പിച്ച സമ്മേളനം ഐ ഐ ടി ബോംബെയിലെ പ്രൊഫ. കെ. രാമസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ഐ കെ എസ് ഡിവിഷൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ. രഘുരാം ഭട്ട് അധ്യക്ഷത വഹിച്ചു.

അമൃത ഐ കെ എസ് സെന്റർ ഓഫ് എക്സലൻസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. പി രാം മനോഹർ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ബ്രഹ്മചാരി അച്യുതാമൃത ചൈതന്യ, ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മൂന്നാം ദിവസം നടന്ന സമാപന സമ്മേളനത്തിൽ ഡെക്കാൻ കോളേജിലെ സംസ്കൃത ആൻഡ് ലെക്സിക്കോഗ്രഫി വിഭാഗം മേധാവിയും ഐ കെ എസ് - ഇ ഡി എസ് സെന്റർ ഡയറക്ടറും ജനറൽ എഡിറ്ററുമായ പ്രൊഫ. പ്രസാദ് ജോഷി, ഡോ. യു കൃഷ്ണകുമാർ, ഡോ. എൻ വി രമേഷ് എന്നിവർ പങ്കെടുത്തു. ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും കോൺഫറൻസിന്റെ ഭാഗമായി അമൃതപുരിയിലെത്തി.

മൂന്നുദിവസങ്ങളിലായി നടന്ന കോൺഫറൻസിന്റെ ഭാഗമായി ആയുർവേദം, വ്യാകരണം, ദർശനം എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലീനറി പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, പ്രഭാഷണ പരമ്പരകൾ, ഗവേഷണ പ്രബന്ധാവതരണങ്ങൾ, പോസ്റ്റർ പ്രസന്റേഷനുകൾ എന്നിവയും സംഘടിപ്പിച്ചു. മികച്ച പ്രബന്ധങ്ങൾക്കും അവതരണങ്ങൾക്കുമുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഭാരതീയ ജ്ഞാനപരമ്പരയിലെ വിവിധ വിജ്ഞാനശാഖകളെ സമകാലിക ഗവേഷണവുമായി ബന്ധിപ്പിക്കുന്നതിനും വിവിധ മേഖലകളിലെ ഗവേഷകരും അക്കാദമിക വിദഗ്ധരും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും സമ്മേളനം സഹായകമായയെന്ന് സംഘാടകർ അറിയിച്ചു.


 

Tags