ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന മത്സരത്തിന്റെ മറവിൽ ഓൺലൈൻ തട്ടിപ്പ്:പോലീസിന്റെ മുന്നറിയിപ്പ്

cyber

സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വാട്സാപ് വഴി പണം തട്ടുന്ന റാക്കറ്റുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി

തിരുവനന്തപുരം: ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ ലഭ്യമാണെന്ന് വിശ്വസിപ്പിച്ച് സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന വൻ സംഘങ്ങൾ സജീവമാകുന്നു.

സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വാട്സാപ് വഴി പണം തട്ടുന്ന റാക്കറ്റുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകി. ടിക്കറ്റ് ബുക്കിങ്ങിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ നേരിട്ട് പ്രത്യേക വാട്സാപ് നമ്പറുകളിലേക്ക് എത്തിക്കുകയാണ് ആദ്യ പടി. തുടർന്ന് ഉപഭോക്താക്കളുടെ പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കാനായി വ്യാജ ബുക്കിങ് ഫോമുകൾ അയച്ചു നൽകും.

തുടക്കത്തിൽ ടിക്കറ്റ് റിസർവ് ചെയ്യാനെന്ന പേരിൽ ചെറിയൊരു തുക അഡ്വാൻസായി വാങ്ങിയ ശേഷം ടിക്കറ്റ് ലഭിച്ചതായി വ്യാജ 'ഓർഡർ കൺഫർമേഷൻ' രേഖകളും അയച്ചുകൊടുക്കും. ഇതിനുശേഷമാണ് വൻ തട്ടിപ്പ് അരങ്ങേറുന്നത്. ജിഎസ്ടി (GST), റീഫണ്ടബിൾ ചാർജ്, വെരിഫിക്കേഷൻ ഫീ, പ്രോസസിങ് ചാർജ് എന്നീ പേരുകളിൽ വൻ തുകകൾ ഇവർ ആവശ്യപ്പെടും.

ഈ തുകകൾ പിന്നീട് അക്കൗണ്ടിലേക്ക് തിരികെ നൽകുമെന്നാണ് ഉപഭോക്താക്കളെ വിശ്വസിപ്പിക്കുന്നത്. ഇതിന് ശേഷവും 'ട്രാൻസാക്ഷൻ പ്രോസസിങ്', 'റീഫണ്ട് പെൻഡിങ്' തുടങ്ങിയ സാങ്കേതിക കാരണങ്ങൾ നിരത്തി വീണ്ടും കൂടുതൽ പണം ചോദിക്കും. പണം നൽകിയില്ലെങ്കിൽ ടിക്കറ്റും ആദ്യം അടച്ച തുകയും നഷ്ടപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുസംഘം ഉപഭോക്താക്കളിൽനിന്ന് വലിയ തുക തുടർച്ചയായി കൈക്കലാക്കുന്നത്.

Tags