ഫേസ്‌ക്രീം ഉപയോഗിച്ച് പതിനേഴുകാരിക്ക് വൃക്കരോഗം ബാധിച്ച സംഭവം; പൊലീസ് നടപടി വൈകുന്നെന്ന പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: മെർക്കുറി അടങ്ങിയ ഫേസ് ക്രീം ഉപയോഗിച്ചതിനെ തുടർന്ന് മലപ്പുറം സ്വദേശിനിയായ പതിനേഴുകാരിക്ക് വൃക്കരോഗം ബാധിച്ച സംഭവത്തിൽ പൊലീസ് നടപടി വൈകുന്നെന്ന പരാതി പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. സംഭവത്തിൽ അരീക്കോട് പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തെങ്കിലും മതിയായ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്യുന്നത് വൈകുകയാണെന്ന് കാണിച്ച് ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർ ഡോ. കെ. പ്രതിഭ നൽകിയ പരാതിയിലാണ് നടപടി. പരാതി പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നതിനായി ആഭ്യന്തര, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിമാർക്ക് പരാതിയുടെ പകർപ്പ് കൈമാറി.
സോഷ്യൽ മീഡിയയിലെ പരസ്യം കണ്ട് വാങ്ങിയ ക്രീം ഉപയോഗിച്ചാണ് പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം പിടിപെട്ടത്. എന്നാൽ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കേസ് കോടതിയിൽ നിലനിൽക്കില്ലെന്ന് ഡോ. കെ. പ്രതിഭ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരസ്യം വന്ന സോഷ്യൽ മീഡിയ അക്കൗണ്ട്, ഇതിന് പിന്നിൽ പ്രവർത്തിച്ചവർ, വിതരണക്കാർ, ക്രീം നിർമ്മാണ കമ്പനി ഉടമകൾ എന്നിവരെ കണ്ടെത്തി തെളിവുകളോടെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. നടപടികൾ വൈകുന്നത് നിർണ്ണായക തെളിവുകൾ നശിപ്പിക്കപ്പെടാൻ ഇടയാക്കുമെന്നും പരാതിയിൽ ആശങ്ക പ്രകടിപ്പിക്കുന്നു.
പാകിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ മതിയായ ഗുണനിലവാര പരിശോധനകളില്ലാതെ ഇന്ത്യൻ ഉൽപ്പന്നങ്ങളെന്ന വ്യാജേന ഓൺലൈൻ വഴിയും നേരിട്ടും സംസ്ഥാനത്ത് എത്തിക്കുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്ന സംഘങ്ങളിൽ കേരളത്തിനകത്ത് നിന്നുള്ളവർക്കും പങ്കുണ്ട്. ഇവരെ കണ്ടെത്തി കർശന നിയമനടപടി സ്വീകരിക്കാൻ പൊലീസിന് യാതൊരു നിയമതടസ്സവുമില്ലെന്നും ഡോ. കെ. പ്രതിഭ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
.jpg)

