നടുറോഡില്‍ മുഖ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തിയ സംഭവം; അറസ്റ്റിലായ ചേന്തി അനില്‍ പൊലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ​​​​​​​

Incident of stopping the Chief Minister in the middle of the road; Special Branch report says that the arrested Chenti Anil was on the police's goonda list

തിരുവനന്തപുരം: നടുറോഡില്‍ മുഖ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തി സംഭവത്തില്‍ അറസ്റ്റിലായ ചേന്തി അനില്‍ പൊലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് അവസാന നിമിഷം വിട്ടുനിന്നത്. പ്രതിക്കെതിരെയുള്ള പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടും മീഡിയവണിന് ലഭിച്ചു.

മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ അവഹേളിക്കുക എന്ന വ്യക്തമായ ഉദ്ദേശത്തോടെയാണ് പ്രതി പെരുമാറിയതെന്നും കാറില്‍ നിന്നിറങ്ങിയ അദ്ദേഹത്തെ പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെയും കൂടെയുണ്ടായിരുന്ന പൊലീസുകാരുടെയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന കുറ്റവും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ശ്രീകാര്യം, തുമ്പ, മെഡിക്കല്‍ കോളജ് തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ചേന്തി അനിലിനെതിരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ അമര്‍ഷം രേഖപ്പെടുത്തി. വിവാദമുള്ള ആളുകള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നടുറോഡില്‍ മുഖ്യമന്ത്രിയെ തടഞ്ഞുനിര്‍ത്തി അധിക്ഷേപിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ഒരു സംസ്‌കാരത്തിനും ചേരാത്ത പ്രവൃത്തിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം നടപടികളുണ്ടായാല്‍ പാര്‍ട്ടിക്ക് സ്വാഭാവികമായും നടപടിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags