പ്രതിയുടെ സഹോദരനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവം : എസ്.ഐയടക്കം മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ

suspended

 കൊല്ലം: പോക്‌സോ കേസ് പ്രതിയെ തേടിയെത്തിയ പൊലിസ് പ്രതിയുടെ സഹോദരനായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവത്തിൽ കാസർകോട് ബേക്കൽ പൊലീസ് പ്രിൻസിപ്പൽ എസ്.ഐയടക്കം മൂന്നു പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. ബേക്കൽ പ്രിൻസിപ്പൽ എസ്.ഐ കെ.പി ശരത്, ശാസ്താംകോട്ട സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ആർ. ശ്രീകുമാർ, സി.പി.ഒ വിപിൻ കുമാർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.ഒരുവർഷം മുമ്പ് ഉണ്ടായ പോക്‌സുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ 21കാരനെ തേടിയാണ് പൊലിസ് അടൂരിലെ വീട്ടിലെത്തിയത്. പ്രതിയെ കണ്ടെത്താനാകാതെ വന്നതോടെ, മൂത്ത സഹോദരനെ കാറിൽ ബലമായി കയറ്റിക്കൊണ്ടുപോയെന്നാണ് പരാതി. മണിക്കൂറുകളോളം യുവാവിനെ ക്രൂരമായി മർദിച്ചതായും ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ പരുക്കേൽപ്പിച്ചതായും മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പ് മന്ത്രിക്കും യുവാവ് നൽകിയ പരാതിയിൽ പറയുന്നു.

പത്തനംതിട്ട എസ്.പിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് സസ്‌പെൻഷൻ. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ശാസ്താംകോട്ട എസ്.ഐയായിരുന്ന കെ.പി ശരത് ഒരുമാസം മുമ്പാണ് ബേക്കൽ എസ്.ഐയായി നിയമിതനായത്.

Tags