മലപ്പുറത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൈക്കൂലി ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; പൈപ്പ് തകര്‍ത്ത് പണം കണ്ടെത്തി വിജിലന്‍സ്

arrest

ഇയാള്‍ താമസിച്ചിരുന്ന വാടകക്കെട്ടിടത്തിലെത്തി പണം നല്‍കാനായിരുന്നു പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്

വിജിലന്‍സ് സംഘത്തെ കണ്ടപ്പോള്‍ ടോയ്ലെറ്റിലെ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്ത കൈക്കൂലി പണം വാടകവീട്ടിലെ പൈപ്പുകള്‍ തകര്‍ത്ത് കണ്ടെടുത്തു. സംഭവത്തില്‍ മലപ്പുറം തിരൂരങ്ങാടി നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടറായ തിരുവനന്തപുരം സ്വദേശി ശ്രീജിയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. പ്രവാസി വനിതയില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സ് വലയിലായത്.
പ്രവാസി വനിത പുതിയതായി ആരംഭിച്ച ഹോട്ടലിനും ജ്യൂസ് സ്റ്റാളിനും നഗരസഭാ ലൈസന്‍സ് അനുവദിക്കുന്നതിനാണ് ശ്രീജി 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇയാള്‍ താമസിച്ചിരുന്ന വാടകക്കെട്ടിടത്തിലെത്തി പണം നല്‍കാനായിരുന്നു പരാതിക്കാരിയോട് ആവശ്യപ്പെട്ടിരുന്നത്. തുടര്‍ന്ന് പ്രവാസി വനിത വിവരം വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.


വിജിലന്‍സ് നിര്‍ദ്ദേശപ്രകാരം വാടകമുറിയിലെത്തി പരാതിക്കാരി ശ്രീജിക്ക് പണം കൈമാറി തിരിച്ചിറങ്ങിയ ഉടന്‍ തന്നെ വിജിലന്‍സ് സംഘം മുറിയിലെത്തി വാതിലില്‍ മുട്ടി. സംശയം തോന്നിയ ശ്രീജി ഉടന്‍ തന്നെ കൈക്കൂലിപ്പണം ടോയ്ലെറ്റിലെ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പണം ക്ലോസറ്റിലിട്ട വിവരം ഇയാള്‍ സമ്മതിച്ചു. കസ്റ്റഡിയിലുള്ള പ്രതിയെ വാടകവീട്ടിലെത്തിച്ച് ക്ലോസറ്റ് പൊളിച്ചുമാറ്റിയ ശേഷം പൈപ്പിലൂടെ ഉയര്‍ന്ന മര്‍ദ്ദത്തില്‍ വെള്ളം പമ്പ് ചെയ്ത് നടത്തിയ പരിശോധനയില്‍ പൈപ്പിലെ ബെന്‍ഡുകളില്‍ തങ്ങിനിന്ന പണം വിജിലന്‍സ് കണ്ടെത്തുകയായിരുന്നു.

Tags