ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച
15 പവൻ സ്വർണം കവർന്ന കടന്നുകളഞ്ഞ കള്ളനെ മൂന്നു മണിക്കൂറിനുള്ളിൽ ആലപ്പുഴ സൗത്ത് പോലീസ് കുടുക്കി.
ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച. .കൈതവന കണിയാകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മോഷണം നടന്നത്. 15 പവൻ സ്വർണം കവർന്ന കടന്നുകളഞ്ഞ കള്ളനെ മൂന്നു മണിക്കൂറിനുള്ളിൽ ആലപ്പുഴ സൗത്ത് പോലീസ് കുടുക്കി.
കാസർഗോഡ് സ്വദേശി രാജ് മോഹനാണ് അറസ്റ്റിലായത്. ഇയാൾ മുമ്പും സമാനമായ രീതിയിൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.വീടിൻറെ ഒരു നില വാടകയ്ക്ക് കൊടുക്കാനായി സുദർശനൻ പരസ്യം നൽകിയിരുന്നു. ഈ പരസ്യം കണ്ട് വീട് നോക്കാൻ എന്ന വ്യാജേനയാണ് മോഷ്ടാവെത്തിയത്.
വീടിൻറെ കാര്യം പറഞ്ഞുകൊണ്ട് നിന്നപ്പോൾ സുദർശന്റെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞു. ഇത് കണ്ട് അടുക്കളയിൽ നിന്ന് നിലവിളിച്ചോടിയെത്തിയ ഭാര്യയുടെ വായിൽ തുണിയും തിരുകി. പിന്നീട് വീട് അകത്തുനിന്ന് പൂട്ടി. ഇരുവരെയും മർദിച്ച ശേഷം സ്വർണാഭരണങ്ങൾ എവിടെയുണ്ടെന്ന് ചോദിച്ചറിഞ്ഞു. അലമാരയുടെ താക്കോൽ അടക്കം കണ്ടെത്തിയ പ്രതി 15 പവൻ സ്വർണാഭരണങ്ങൾ കവർന്ന ശേഷം വീട് വിട്ടു. രണ്ടു മണിയോടെയാണ് ആലപ്പുഴ സൗത്ത് പോലീസിൽ വിവരമെത്തിയത്.
വീട് വാടകയ്ക്ക് വേണമെന്ന ആവശ്യവുമായി വന്ന ഫോൺകോളുകളുടെ എല്ലാം വിവരങ്ങൾ പോലീസ് ശേഖരിച്ചു. ഇതിൽ നിന്നാണ് മുമ്പും കേസുകളിൽ പ്രതിയായിട്ടുള്ള രാജ് മോഹനും സുദർശനെ വിളിച്ചിട്ടുണ്ടെന്ന് വ്യക്തമായത് തുടർന്ന് രാജ്മോഹന്റെ ഫോട്ടോ സുദർശനെയും ഭാര്യയെയും കാണിച്ചു. മോഷ്ടാവിനെ ഇരുവരും തിരിച്ചറിഞ്ഞു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആലപ്പുഴ വാടയ്ക്കലെ താമസസ്ഥലത്തുനിന്ന് രാജ് മോഹനെ അറസ്റ്റ് ചെയ്തത്.
.jpg)

