മരണാനന്തചടങ്ങിനിടെ ബന്ധുവിന് പീഡനം: 58 കാരന് ഏഴുവര്‍ഷം കഠിനതടവ്

തൃശൂര്‍: ഭാര്യയുടെ മരണാനന്തരചടങ്ങിനിടെ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ 58 കാരന് ഏഴുവര്‍ഷം കഠിനതടവും അരലക്ഷം രൂപ പിഴയും വിധിച്ചു. ഒല്ലൂര്‍ അഞ്ചേരി ചിറ സ്വദേശി ഗുരുദേവലൈനില്‍ ഷക്കീന വീട്ടില്‍ ക്രിസോസ്റ്റം ബഞ്ചമിന്‍ (58) എന്നയാളെയാണ് ഒന്നാം അഡീ ജില്ലാ ജഡ്ജ് പി.എന്‍.വിനോദ് പോക്‌സോ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും ശിക്ഷിച്ചത്.
2017 നവംബര്‍ 21 നാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഭാര്യ മരിച്ച ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശത്തുനിന്നും എത്തിയ ഉറ്റ ബന്ധുവായ കൗമരക്കാരിയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. ഭയന്ന കുഞ്ഞ് ഇതേക്കുറിച്ച് വിദേശത്ത് സ്‌കൂളിലാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് മാതാവ് ഇ-മെയില്‍ മുഖേന പോലീസില്‍ വിവരം അറിയിച്ചു. ഒല്ലൂര്‍ പോലീസ് കേസന്വേഷണം നടത്തി. പരാതിയിലുണ്ടായ കാലതാമസം കാണിച്ച് ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കുറ്റം ചെയ്ത സാഹചര്യം അപൂര്‍വമാണെന്നും യാതൊരു ദയയും അര്‍ഹിക്കാത്തയാള്‍ക്ക് കഠിനശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: ലിജി മധു കോടതിയില്‍ പറഞ്ഞു. വിധി ദിവസം കോടതിയില്‍ ഹാജരാകാന്‍ തയാറാകാതിരുന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്താണ് ഹാജരാക്കിയത്.