കാട്ടാക്കട കോളജിലെ 'ആൾമാറാട്ട വിവാദം' : സംഘടന നടപടി സ്വീകരിച്ച് എസ് എഫ് ഐ

google news
kattakada

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ 'ആൾമാറാട്ടം' വിവാദത്തിൽ സംഘടന നടപടി സ്വീകരിച്ച് എസ് എഫ് ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആർഷോം അറിയിച്ചു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നതെന്നും സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുടെ കുറിപ്പ് പൂർണരൂപത്തിൽ

തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് എസ്എഫ്ഐ കാണുന്നത്. തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച UUC ലിസ്റ്റില് ഉള്ളത് എന്നറിവുണ്ടായിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ തയ്യാറാകാതിരുന്ന എസ്.എഫ്.ഐ കാട്ടാക്കട ഏരിയ സെക്രട്ടറി സ. വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കുന്നതിനായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. കേരളത്തിലെ കലാലയങ്ങളിൽ അനവധി പ്രതിബന്ധങ്ങളേയും അക്രമണങ്ങളെയും അതിജീവിച്ചു വിദ്യാർത്ഥിപക്ഷ രാഷ്ട്രീയമുയർത്തി നിരന്തരമായ പോരാട്ടങ്ങൾ കൊണ്ടാണ് ഇന്ന് എസ്.എഫ്.ഐ കേരളത്തിലെ ഏതാണ്ട് മുഴുവൻ കലാലയങ്ങളിലും വിജയത്തിന്റെ വെന്നി കൊടി പാറിച്ച് വിദ്യാർത്ഥി പിന്തുണയോടെ നിറഞ്ഞു നിൽക്കുന്നത്.

അനേകം രക്തസാക്ഷിത്വങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഏതെങ്കിലും തരം സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ഒരു തരത്തിലും അനുവദിക്കില്ല. കൂട്ടത്തിൽ കഴിഞ്ഞ ദിവസം പുറത്ത് വന്ന മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാമിൻ്റെ പ്രസംഗം കൂടി ഗൗരവകരമായി കാണേണ്ടുന്നതാണ്. "ലീഗിന് ഭരണം ലഭിക്കുന്ന കാലത്ത് വിദ്യാഭ്യാസ വകുപ്പ് ലീഗിന് ആയിരിക്കുന്നത് കൊണ്ട് ചില തരികിടകൾ കാണിച്ച് എം.എസ്.എഫിന് യൂണിവേഴ്‌സിറ്റി/കോളേജ് യൂണിയൻ ഭരണം പിടിക്കാറുണ്ടെന്നാണ്" പി.എം.എ സലാം പ്രസംഗിച്ചിരിക്കുന്നത്. ഭരണമുള്ള കാലത്ത് ഗുരുതരമായ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയത് ലീഗ് നേതാവ് തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്. കാലങ്ങളായി എസ്.എഫ്.ഐ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണമാണ് ഇപ്പോൾ ലീഗ് സംസ്ഥാന നേതാവ് സ്ഥിരീകരിച്ചിരിക്കുന്നത്. സംഘടനയിൽ തെറ്റായ പ്രവണതകൾക്കെതിരെ എസ്.എഫ്.ഐ  മാതൃകാപരമായ നടപടികൾ സ്വീകരിക്കുമ്പോഴും എസ്.എഫ്.ഐ വിരുദ്ധ വാർത്തകൾ ഉൽപ്പാദിപ്പിക്കുന്ന മാധ്യമങ്ങൾക്കും എം.എസ്.എഫ് - കെ.എസ്.യു നേതൃത്വത്തിനും പി.എം.എ സലാമിന്റെ തുറന്ന് പറച്ചിലിനോടുള്ള നിലപാട് ഏന്താണെന്ന് വ്യക്തമാക്കണമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

Tags