ഇമേജ് സെർച്ച് സോഫ്റ്റ്‌വെയർ സഹായിച്ചു; 20 വർഷത്തിനു ശേഷം ബാങ്ക് തട്ടിപ്പുകാരിയെ വലയിലാക്കി സിബിഐ

cbi
cbi


ന്യൂഡൽഹി: എട്ട് കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകേസിൽ തട്ടിപ്പുകാരിയെ  രണ്ട് പതിറ്റാണ്ട് നീണ്ട തിരച്ചിലിനൊടുവിൽ സിബിഐ അറസ്റ്റ് ചെയ്തു. വ്യാജ പേരിലും മേൽവിലാസത്തിലും ഇന്ദോറിൽ താമസിച്ചുവരികയായിരുന്ന മണി എം. ശേഖർ എന്ന പിടികിട്ടാപ്പുള്ളിയാണ് പിടിയിലായത്.

ഇൻഡോ മാർക്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, ബിടിസി ഹോം പ്രോഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിലൂടെ 2002-നും 2005-നും ഇടയിൽ വ്യാജരേഖകൾ ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് വായ്പയെടുത്ത തുക ദുരുപയോഗം ചെയ്തതതിനാണ് കേസെടുത്തത്. 2007-ൽ ഇവർക്കെതിരേയും ഭർത്താവ് രാമാനുജം മുത്തുരാമലിംഗം ശേഖറിനെയും പ്രതിചേർത്ത് സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു.

tRootC1469263">

വിചാരണ ആരംഭിച്ചപ്പോൾ ദമ്പതിമാർ ഒളിവില്‍ പോയി. തുടർന്ന് 2009-ൽ പ്രത്യേക കോടതി ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കുകയായിരുന്നു.

'വർഷങ്ങളായി തുടർച്ചയായ ശ്രമങ്ങൾ നടത്തിയിട്ടും ഒളിവിലുള്ള പ്രതികളെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് വിവരം നൽകുന്നവർക്ക് 50,000 രൂപ വീതം സിബിഐ പാരിതോഷികം പ്രഖ്യാപിച്ചു. മറ്റ് കൂട്ടുപ്രതികളുടെ വിചാരണ പൂർത്തിയാവുകയും ചിലരെ ശിക്ഷിക്കുകയും മറ്റു ചിലരെ വെറുതെ വിടുകയും ചെയ്‌തെങ്കിലും, ഒളിവിലായിരുന്ന ഈ രണ്ട് പ്രതികൾക്കെതിരായ വിചാരണ മുടങ്ങിക്കിടക്കുകയായിരുന്നു.' സിബിഐ വക്താവ് പറഞ്ഞു.

അന്വേഷണം വഴിമുട്ടി നിൽക്കുമ്പോഴാണ് സിബിഐ തങ്ങളുടെ ഇമേജ് സെർച്ച് അനലിറ്റിക്‌സ് സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത്. ഏകദേശം 90 ശതമാനം കൃത്യതയോടെ ഫലങ്ങൾ ലഭിച്ചു. ഉറപ്പിക്കാനായി രഹസ്യവും സൂക്ഷ്മവുമായ സ്ഥലപരിശോധന നടത്തി.

പുതിയ വ്യക്തിത്വം സ്വീകരിച്ച് ഇവർ ഇന്ദോറിൽ സുഖമായി ജീവിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. ബെംഗളൂരുവിൽനിന്ന് രക്ഷപ്പെട്ട ശേഷം പേരുകൾ, കോൺടാക്റ്റ് വിവരങ്ങൾ, പാൻ കാർഡുകൾ, ബയോമെട്രിക് ബന്ധിത രേഖകൾ എന്നിവയുൾപ്പെടെ മുൻകാല വിവരങ്ങളെല്ലാം ഉപേക്ഷിക്കുകയും പഴയ കെവൈസി രേഖകൾ ഒരിക്കലും ഉപയോഗിക്കാതിരിക്കുകയും ചെയ്തു.

'കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന പേരുകൾ മാറ്റി ഭർത്താവ് കൃഷ്ണകുമാർ ഗുപ്ത എന്നും ഭാര്യ ഗീത കൃഷ്ണകുമാർ ഗുപ്ത എന്നും ആക്കി. കൂടാതെ മൊബൈൽ നമ്പറുകൾ, ഇമെയിലുകൾ, പാൻ നമ്പറുകൾ, മറ്റ് വിവരങ്ങൾ എന്നിവയും മാറ്റി' സിബിഐ വക്താവ് അറിയിച്ചു.

എന്നാൽ, അത്യാധുനിക ഇമേജ് കംപാരിസൺ അൽഗോരിതം ഉപയോഗിച്ച്, സിബിഐ പഴയ ഫോട്ടോ രേഖകളും പുതിയ ഡാറ്റാ സ്രോതസ്സുകളും താരതമ്യം ചെയ്യുകയും ഇവരെ കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെ, സിബിഐയുടെ പ്രത്യേക ഓപ്പറേഷൻടീം ഇന്ദോറിൽ സ്ഥലപരിശോധന നടത്തി.

ഭർത്താവ് രാമാനുജം മുത്തുരാമലിംഗം ശേഖർ 2008-ൽ മരണപ്പെട്ടതായും പരിശോധനയിൽ വ്യക്തമായി. 'മണി എം. ശേഖറിനെ ജൂലൈ 12-ന് അറസ്റ്റ് ചെയ്യുകയും ബെംഗളൂരുവിലെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏകദേശം രണ്ട് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞ പ്രതി ഇപ്പോൾ വിചാരണ നേരിടുകയാണ്.' സിബിഐ വക്താവ് പറഞ്ഞു.

Tags