അട്ടപ്പാടിയില്‍ വാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

excise jeep

പാലക്കാട്: അട്ടപ്പാടിയില്‍ വനപ്രദേശത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ വന്‍വാറ്റു കേന്ദ്രം കണ്ടെത്തുകയും കഞ്ചാവു ചെടികള്‍ പിടിച്ചെടുക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി എക്‌സൈസ് നടത്തുന്ന പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവായ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായാണ് മേഖലയില്‍ പരിശോധന ശക്തമാക്കിയത്. സംഭവങ്ങളില്‍ അഗളി എക്‌സൈസ് റെയ്ഞ്ച് ഓഫീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം കോട്ടത്തറ വില്ലേജിലെ പുളിയപ്പതി ചെണ്ടൂലി മലയുടെ മുകളിലുള്ള നീര്‍ച്ചാലിന് കരയിയിലായാണ് വാറ്റു കേന്ദ്രമുണ്ടായിരുന്നത്. വനത്തിലൂടെ ഏകദേശം അഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ചാണ് എക്‌സൈസ് സംഘം ഇവിടെയെത്തിയത്. 1,100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു. വാഷ് ബാരലുകളിലാക്കി മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ഷോളയൂര്‍ വില്ലേജിലെ നാഗമ്പട മലയുടെ വനപ്രദേശത്ത് നടത്തിയ പരിശോധനയിലാണ് നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 180 സെന്റീമീറ്റര്‍ മുതല്‍ 240 സെന്റീമീറ്റര്‍ വരെ നീളമുള്ളതായിരുന്നു ചെടികള്‍.

അഗളി റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഇഹ്ലാസ് അലിയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനകളില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് സി.ഷിബുകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് എസ്. സമോദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഭോജന്‍, രജീഷ്, രങ്കന്‍ എന്നിവര്‍ പങ്കെടുത്തു.

Tags