കോണ്‍ഗ്രസില്ലെങ്കില്‍ ഹിന്ദുക്കളെല്ലാം ആര്‍എസ്എസ് ആകുമോ മുഖ്യമന്ത്രീ...: കെ ടി ജലീല്‍

jaleel

ലീഗുകാരല്ലാത്ത മതനിരപേക്ഷ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങളെ മുഴുവന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശന്‍ അപമാനിച്ചിരിക്കയാണ്

മുസ്ലിം ലീഗ് കേരളത്തില്‍ ദുര്‍ബലമായാല്‍ അവരുടെ സ്ഥാനം തീവ്ര ആശയവാദികള്‍ കയ്യടക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മുന്‍ മന്ത്രിയും സിപിഐഎം നേതാവുമായ കെ ടി ജലീല്‍. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ ഹിന്ദുക്കളെല്ലാം ആര്‍എസ്എസ് ആകുമോ എന്ന ചോദ്യത്തോടെയായിരുന്നു കെ ടി ജലീലിന്റെ വിമര്‍ശനം. മുസ്ലിങ്ങളെല്ലാം തീവ്രവാദ സംഘടനകളില്‍ ചേക്കാറാന്‍ മുട്ടി നില്‍ക്കുന്നവരാണെന്നും അവരെ അതിലേക്ക് വീഴാതെ ഒരു അരിപ്പയായി തടഞ്ഞു നിര്‍ത്തിയിരിക്കുന്നത് ലീഗാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അര്‍ത്ഥമെന്നും അദ്ദേഹം കുറിച്ചു.

ലീഗില്ലാതാകുന്ന നിമിഷം ലീഗില്‍ അണിനിരന്നിരിക്കുന്നവര്‍ കോണ്‍ഗ്രസ്സിലോ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലോ മറ്റ് മതേതര പാര്‍ട്ടികളിലോ ചേരാതെ, മുസ്ലിങ്ങളിലെ തീവ്ര ആശയക്കാരുടെ കൈകളിലമരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവന്‍ മുസ്ലിങ്ങളെയും വിശിഷ്യാ മുസ്ലിംലീഗുകാരെയും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണെന്നും ജലീല്‍ കുറ്റപ്പെടുത്തി.

കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

കോണ്‍ഗ്രസ്സില്ലെങ്കില്‍ ഹിന്ദുക്കളെല്ലാം RSS ആകുമോ മുഖ്യമന്ത്രി? ലീഗുകാരല്ലാത്ത മതനിരപേക്ഷ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിങ്ങളെ മുഴുവന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി സതീശന്‍ അപമാനിച്ചിരിക്കയാണ്. ആര്യാടന്‍ മുഹമ്മദ് ജീവിച്ചിരിക്കാത്തത് സതീശന്റെ ഭാഗ്യം. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനക്ക് വായടപ്പന്‍ മറുപടി ആര്യാടന്‍ തന്നെ കൊടുക്കുമായിരുന്നു.

സത്യത്തില്‍ ലീഗിന് സതീശന്‍ നല്‍കിയ അംഗീകാരമുദ്രയാണോ അദ്ദേഹത്തിന്റെ പ്രസ്താവന. മുസ്ലിങ്ങളെല്ലാം തീവ്രവാദ സംഘടനകളില്‍ ചേക്കാറാന്‍ മുട്ടി നില്‍ക്കുന്നവരാണെന്നും, അവരെ അതിലേക്ക് വീഴാതെ ഒരു അരിപ്പയായി തടഞ്ഞു നിര്‍ത്തിയിരിക്കുന്നത് ലീഗാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അര്‍ത്ഥം.

ലീഗില്ലാതാകുന്ന നിമിഷം ലീഗില്‍ അണിനിരന്നിരിക്കുന്നവര്‍ കോണ്‍ഗ്രസ്സിലോ കമ്യൂണിസ്റ്റ് പാര്‍ട്ടികളിലോ മറ്റു മതേതര പാര്‍ട്ടികളിലോ ചേരാതെ, മുസ്ലിങ്ങളിലെ തീവ്ര ആശയക്കാരുടെ കൈകളിലമരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഴുവന്‍ മുസ്ലിങ്ങളെയും വിശിഷ്യാ മുസ്ലിംലീഗുകാരെയും തീവ്രവാദി ചാപ്പ കുത്തുന്നതിന് സമാനമാണ്.

കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിലെ ഹിന്ദുക്കള്‍ മുഴുവന്‍ ആര്‍.എസ്.എസില്‍ ചേരുമായിരുന്നു എന്ന് പറയുന്നത് പോലെ അസംബന്ധമാണ് ലീഗില്ലെങ്കില്‍ മുസ്ലിംലീഗുകാരായവരെല്ലാം തീവ്ര ആശയഗതിക്കാരുടെ സംഘത്തില്‍ ഉള്‍പ്പെടുമായിരുന്നു എന്ന നിഗമനം!

മുസ്ലിം സമുദായവും തീവ്രവാദ ഗ്രൂപ്പുകളും തമ്മിലുള്ള അകലം വളരെ നേര്‍ത്തതാണെന്നും ലീഗെന്ന 'വലയില്‍' അവര്‍ പെട്ടില്ലായിരുന്നെങ്കില്‍ മുഴുവന്‍ ലീഗുകാരും മുസ്ലിം തീവ്രഗ്രൂപ്പുകളില്‍ അകപ്പെട്ടു പോകുമെന്നും സമ്മതിക്കാന്‍ അഭിമാന ബോധമുള്ള ലീഗുകാര്‍ക്ക് എങ്ങിനെ സാധിക്കും?

സത്യത്തില്‍ അതിനെക്കാള്‍ വലിയൊരപമാനം മുസ്ലിംലീഗുകാര്‍ക്ക് വേറെയുണ്ടോ? ബഹുമാനപ്പെട്ട മുഖ്യമന്ത്രി താന്‍ നടത്തിയ തെറ്റായ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറാകണം. അല്ലെങ്കില്‍ ഹൈക്കമാന്റ് ഇടപെട്ട് അദ്ദേഹത്തെ തിരുത്തിക്കണം. ഇതുരണ്ടും നടന്നില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കാന്‍ മുസ്ലിംലീഗ് മുഖ്യമന്ത്രിയോട് ആവശ്യപ്പെടണം

Tags