പത്മജയ്ക്ക് പരവതാനിയെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെയും തിരിച്ചെടുക്കണം; സൈബറിടത്തിൽ മുറവിളി

If Padmaja has a carpet, Rahul Mangkootatil; Outcry in cyberspace

തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ സജീവമാകുന്നതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെയും പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി സൈബറിടത്തിൽ ഒരു വിഭാഗം കോൺഗ്രസ് അനുഭാവികൾ രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. വലിയൊരു വിഭാഗം പ്രവർത്തകർ രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ആരോപണവിധേയനായി പ്രതിച്ഛായ നഷ്ടമായപ്പോഴും സ്വന്തം നേതാക്കൾ പോലും തള്ളിപ്പറഞ്ഞപ്പോഴും, രാഷ്ട്രീയ പക്വതയോടെ പാർട്ടിക്കെതിരെ ഒരക്ഷരം പോലും പറയാത്ത യുവനേതാവാണ് രാഹുൽ മാങ്കൂട്ടത്തിലെന്ന് അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി സംസ്ഥാന നേതാക്കളെയും പ്രസ്ഥാനത്തെയും രൂക്ഷമായി വിമർശിച്ചാണ് പത്മജ ബിജെപിയിലേക്ക് പോയത്. പത്മജയെ തിരിച്ചെടുക്കുന്നതു തന്നെ തെറ്റാണെന്നും, തിരിച്ചെടുത്താൽ തന്നെ മുൻപ് പറഞ്ഞ കാര്യങ്ങൾക്ക് മാപ്പ് പറയണമെന്നും സ്ഥാനമാനങ്ങൾ നൽകരുതെന്നുമാണ് സൈബറിടത്തിലെ പൊതുവികാരം.

പാർട്ടിയെ നാണംകെടുത്തി വർഗീയ കൂടാരത്തിൽ ചേക്കേറിയ പത്മജയെ കേവലം സഹോദരസ്നേഹത്തിന്റെ പേരിൽ തിരിച്ചുകൊണ്ടുവരാൻ നേതൃത്വത്തിന് കഴിയുമെങ്കിൽ, മുന്നണിയെ 102 സീറ്റിൽ അധികാരത്തിലെത്തിക്കാൻ ഗണ്യമായ പങ്കുവഹിച്ച ചെറുപ്പക്കാരന് ഒരവസരം നൽകാൻ എന്താണ് മടിയെന്ന് രാഹുലിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നു. വെറും ആരോപണങ്ങളുടെ പുറത്താണ് രാഹുലിനെ പുറത്താക്കിയതെന്നും, കഴിഞ്ഞ ആറുമാസമായി പരാതികളൊന്നും നിലവിലില്ലെന്നും ഇവർ വാദിക്കുന്നു. രാഹുലിനെതിരെ നടപടിയെടുത്തതുകൊണ്ട് യുഡിഎഫിന് ഒരു വോട്ട് പോലും അധികം ലഭിച്ചിട്ടില്ലെന്നും, എന്നാൽ സിപിഎമ്മിനെതിരെ അദ്ദേഹം നടത്തിയ പ്രചാരണങ്ങൾ ഓരോ മണ്ഡലത്തിലും ആയിരത്തിലധികം വോട്ടുകൾ നേടിക്കൊടുത്തിട്ടുണ്ടാകുമെന്നും കുറിപ്പുകളിൽ പറയുന്നു.

അതേസമയം, പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ രാഹുലിനെ ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്ന് വാദിക്കുന്ന ഒരു ചെറിയ വിഭാഗവും ചർച്ചയിൽ സജീവമാണ്. ഇതിൽ കൂടുതലും സിപിഎം പ്രവർത്തകരും അനുഭാവികളുമാണെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ ആരോപണം. എന്തായാലും, പത്മജയുടെ മടങ്ങിവരവിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന ആവശ്യം കോൺഗ്രസ് സൈബർ ഇടങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Tags