ഞാനെന്തെങ്കിലും പറഞ്ഞാൽ അതേ ബാക്കിയാവു അദ്ദേഹത്തിന് 90 വയസ്സായി''; വെള്ളാപ്പള്ളിക്ക് വി.ഡി സതീശന്‍റെ മറുപടി
തിരുവനന്തപുരം: അദ്ദേഹത്തിന് 90 വയസായി, അദ്ദേഹത്തിന് എതിരെ താൻ ഒന്നും പറയുന്നില്ല. താനെന്തെങ്കിലും പറഞ്ഞാൽ അതേ ബാക്കിയാവൂ. വെള്ളാപ്പള്ളി നടേശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അദ്ദേഹം മുമ്പും തന്നെക്കുറിച്ച് വളരെ മോശമായ പരാമർശങ്ങൾ നടത്തിയിരുന്നു. അതെനിക്ക് പ്രശ്നമില്ല. കോൺഗ്രസ് മുഖ്യമന്ത്രി വരുമെന്ന് വെള്ളാപ്പള്ളി സമ്മതിച്ചിട്ടുണ്ട്. തനിക്ക് സന്തോഷമായെന്നും വി.ഡി സതീശൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സഹായം ആവശ്യപ്പെട്ട് ഒരു ആർ.എസ്.എസ് നേതാവിനെയും കണ്ടിട്ടില്ല. മുഖ്യമന്ത്രിയാണ് ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത്. എം.ആർ അജിത്കുമാറിനെ വിട്ട് ചർച്ച നടത്തിയതും പിണറായി വിജയനാണ്. വെൽഫെയർ പാർട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോൾ മാത്രമാണ് പ്രശ്നം. പി.ഡി.പി എൽഡിഎഫിനെ പിന്തുണച്ചപ്പോൾ ഒരു പ്രശ്നവുമില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികൾക്കെതിരെ എന്തുകൊണ്ട് പാർട്ടി നടപടി സ്വീകരിക്കുന്നില്ല. അയ്യപ്പന്‍റെ സ്വർണം പാർട്ടി നേതാക്കൾ മോഷ്ടിച്ചു എന്നാണ് കണ്ടെത്തിയത്. കുറ്റപത്രം സമർപ്പിക്കാത്തതുകൊണ്ടാണ് പ്രതികൾ പുറത്തുവന്നത്. എന്തിനുവേണ്ടിയാണ് ഇവരെ സി.പി.എം സംരക്ഷിക്കുന്നത്. പ്രധാനപ്പെട്ട പ്രതി ഇപ്പോഴും ജില്ലാ കമ്മിറ്റി അംഗമാണ്. മന്ത്രിമാരുടെ പേര് പുറത്തുപറയുമെന്ന ഭയമാണോ പാർട്ടിക്ക്. പ്രതികൾക്ക് പൂർണമായ സംരക്ഷണം സർക്കാരും പാർട്ടിയും നൽകുന്നു. മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.
.jpg)


