ഇടുക്കി ഡാമിൽ സുരക്ഷ കർശനമാക്കുന്നു; എല്ലാവർക്കും ദേഹപരിശോധന

ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവരെയെല്ലാം ഇനി മുതല്‍ ദേഹപരിശോധന നടത്തും. സ്ത്രീകളുടെ ദേഹപരിശോധനക്കായി പ്രത്യേക ക്യാബിന്‍ സ്ഥാപിച്ചു. വനിതകളുടെ ദേഹപരിശോധനക്കായി വനിതാ പോലീസിനെ നിയോഗിക്കും.ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ ടിക്കറ്റ് എടുക്കാനുള്ള കൗണ്ടര്‍ വെള്ളാപ്പാറയിലേക്ക് മാറ്റും. ഇതുവരെ ചെറുതോണി അണക്കെട്ടിന് സമീപത്താണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. അണക്കെട്ടില്‍ സുരക്ഷ വീഴ്ചയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഷട്ടറുകള്‍ക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിക്കും. കളക്ടറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
അണക്കെട്ട് സന്ദര്‍ശിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍, കുടിവെള്ളം, കുഞ്ഞുങ്ങള്‍ക്കുള്ള കുപ്പിപ്പാല്‍ എന്നിവമാത്രം കൂടെ കൊണ്ടുപോകാം. മറ്റ് സാധനങ്ങള്‍, മൊബൈല്‍ ഫോണ്‍, ക്യാമറ, ബാഗ്, വാച്ച്, പേഴ്‌സ് തുടങ്ങിയവയൊന്നും കൂടെ കൊണ്ടുപോകാന്‍ അനുവദിക്കില്ല. ബോട്ട് സവാരി ചെയ്യുന്നവര്‍ക്കും ഇനി ക്യാമറയും മൊബൈല്‍ഫോണും കൊണ്ടുപോകാനാകില്ല.
ജൂലായ് 22-ന് ഇടുക്കി അണക്കെട്ടില്‍ എത്തിയ വ്യക്തി ഉയരവിളക്കുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടിയിരുന്നു. അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന ഇരുമ്പുവടത്തില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തു. ഈ സുരക്ഷാവീഴ്ച വിവാദമായി. അന്ന് സുരക്ഷാജോലിയിലുണ്ടായിരുന്ന ആറ് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അന്വേഷണവും നടക്കുന്നു.