തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം ; സുഹൃത്ത് സുകാന്തിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി


തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ മേഘ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. പണം തട്ടിയെടുത്തുവെന്ന കുറ്റമാണ് ചുമത്തിയത്. നേരത്തെ തട്ടിക്കൊണ്ട് പോകൽ, ബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിരുന്നു. അതേസമയം സുകാന്തിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. ഇക്കാര്യം പൊലീസ് പരിശോധിക്കുകയാണ്. സുകാന്തിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത കാര്യം കഴിഞ്ഞ ദിവസം ഐബിയെ അറിയിച്ചിരുന്നു.
കേസിൽ പ്രതി ചേർത്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ ഉടൻ വകുപ്പുതല നടപടി ഉണ്ടായേക്കും. മകളെ ആത്മഹത്യയിലേക്ക് നയിച്ചത് സുകാന്താണെന്ന് മേഘയുടെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു. മകൾ ലൈംഗിക, സാമ്പത്തിക ചൂഷണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. മരിക്കുന്ന സമയത്ത് മകളുടെ അക്കൗണ്ടിൽ 1000 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശമ്പളം അടക്കം മകൾ സുകാന്തിന് അയച്ചു നൽകിയിരുന്നു. 2024 മെയിലാണ് ചെറിയ തുക ആദ്യം മകളുടെ അക്കൗണ്ടിൽ നിന്ന് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തത്.
