ശത്രുക്കളെ നശിപ്പിക്കാൻ ഞാൻ ചെറിയൊരു വിദ്യ പ്രയോ​ഗിക്കാറുണ്ട്'; ശ്രേഷ്ഠ ബാവ പുരസ്കാരം ഏറ്റുവാങ്ങി മമ്മൂട്ടി

'I use a small technique to destroy my enemies'; Mammootty receives Shreshtha Bava Award

കൊച്ചി: നമ്മുടെ യഥാർത്ഥ ശത്രു തിന്മയാണെന്നും താൻ ശത്രുക്കളെ ഇല്ലാതാക്കുന്നത് അവരെ തന്റെ മിത്രങ്ങളാക്കിയാണെന്നും നടൻ മമ്മൂട്ടി. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.രാവിലെ എഴുന്നേൽക്കുന്നത് മുതൽ ഉറങ്ങുന്നത് വരെ മനസ്സിലേക്ക് വെറുപ്പും അപരവിദ്വേഷവും കുത്തിക്കയറ്റുന്ന കാര്യങ്ങളാണ് നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. എന്തുപേരിട്ട് വിളിച്ചാലും തിന്മ തിന്മ തന്നെയാണെന്നും വെറുപ്പ് തിന്മയുടെ പ്രതീകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

"ശത്രുക്കളെ ഇല്ലാതാക്കാൻ ഞാൻ ചെറിയൊരു വിദ്യ പ്രയോഗിക്കാറുണ്ട്. ബോംബിട്ട് കൊല്ലുകയോ വെടിവെച്ച് കൊല്ലുകയോ ആളെ വിട്ട് തല്ലിക്കുകയോ അല്ല; ശത്രുക്കളെ മിത്രങ്ങളാക്കുകയാണ് ചെയ്യാറ്. അവർ മുൻകൈ എടുത്തില്ലെങ്കിലും നമ്മൾ അതിനായി മുൻകൈ എടുക്കണം," മമ്മൂട്ടി വ്യക്തമാക്കി. ജീവിതത്തിൽ ഏറ്റവും ആനന്ദം തരുന്നത് പണമോ സൗകര്യങ്ങളോ എസി കാറോ വലിയ ബംഗ്ലാവുകളോ അല്ല, മറിച്ച് സമാധാനത്തോടെയുള്ള ജീവിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നമസ്തേ, സ്തുതി, സലാം തുടങ്ങി എല്ലാ അഭിവാദ്യങ്ങളുടെയും അർത്ഥം 'സമാധാനം ഉണ്ടാകട്ടെ' എന്ന് തന്നെയാണ്. മനസ്സിൽ നിന്ന് ശത്രുത കളഞ്ഞാൽ ആരെയും മിത്രമാക്കാൻ സാധിക്കുമെന്നും, പരസ്പരം കലഹിക്കാതെ അതിർവരമ്പുകളില്ലാതെ ജീവിക്കുന്ന ഒരു കാലത്തിനായി പ്രാർത്ഥിക്കാമെന്നും പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം അവസാനിപ്പിച്ചത്.

Tags