'ജയിലിലെ സെൽ കണ്ടത് ഡിജിപി ആയിരുന്നപ്പോൾ മാത്രം'; ടോമിൻ ജെ. തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി: അനധികൃത സ്വത്തു സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജോലിക്കായി വിദേശത്തേക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തച്ചങ്കരിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. കോടതി വിമർശനം കടുത്തതോടെ വിദേശയാത്രയ്ക്ക് അനുമതി തേടിയുള്ള അപേക്ഷ പിൻവലിക്കുകയാണെന്ന് തച്ചങ്കരി കോടതിയെ അറിയിച്ചു.
എന്നാൽ, അപേക്ഷ പിൻവലിച്ചാലും തച്ചങ്കരിയുടെ അസുഖം പരിശോധിക്കാൻ സ്വമേധയാ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ നിർദ്ദേശം നൽകുമെന്ന് കോടതി വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.ജാമ്യാപേക്ഷയിലും ഇളവ് തേടിയുള്ള അപേക്ഷകളിലും തച്ചങ്കരി ഉന്നയിച്ച വാദങ്ങളിൽ വലിയ വൈരുധ്യങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വലിയ അസുഖമുണ്ടെന്ന് പറയുന്ന തച്ചങ്കരിക്ക് എന്താണ് അസുഖമെന്ന് കോടതി ആരാഞ്ഞു. ശ്വാസംമുട്ടലാണെന്ന മറുപടിക്ക്, "ശ്വാസംമുട്ടലുള്ള ആൾ വിദേശത്ത് പോയിട്ട് എന്തു ചെയ്യാനാണ്?" എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
ശിക്ഷിക്കപ്പെട്ട ശേഷം തച്ചങ്കരി ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലെന്നും, ജയിലിലെ സെൽ കണ്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. തച്ചങ്കരി ജയിൽ കണ്ടത് ഡിജിപി ആയിരുന്നപ്പോൾ മാത്രമാണെന്നും കോടതി പരിഹസിച്ചു. ശിക്ഷിക്കപ്പെട്ട് ജയിലിലെത്തിയത് മുതൽ ജാമ്യത്തിലിറങ്ങുന്നത് വരെ അദ്ദേഹം ജയിൽ ആശുപത്രിയിലായിരുന്നു. ഇതിന് പിന്നിൽ ഉദ്യോഗസ്ഥരുമായി ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി
.jpg)

