'പള്ളിയിലാണോ പള്ളിക്കെട്ട് പാടുന്നതെന്ന് ചോദിച്ച് കീബോര്‍ഡില്‍ ഇടിച്ചു': ഗാനമേള ഗായകന്‍ റഷീദ്
ഗാനമേള അവസാനിക്കാനിരിക്കെ, ഒരു പാട്ട് ബാക്കിയുള്ളപ്പോള്‍ ഒരാള്‍ പള്ളിക്കെട്ട് പാടാമോ എന്ന് ചോദിച്ചതെന്ന് റഷീദ് പറഞ്ഞു
കോട്ടയം കിഴപറയാര്‍ പള്ളിയിലെ പരിപാടിക്കിടെ അയ്യപ്പ ഭക്തിഗാനം ആലപിച്ചതിനെച്ചൊല്ലിയുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് ഗായകന്‍ റഷീദ്. സംഭവത്തില്‍ ഭയന്നുപോയിയെന്നും പാട്ടിനിടെ സംഘര്‍ഷമുണ്ടാക്കിയയാള്‍ കീബോര്‍ഡില്‍ ശക്തമായി ഇടിച്ചെന്നും റഷീദ് പറഞ്ഞു.
ഗാനമേള അവസാനിക്കാനിരിക്കെ, ഒരു പാട്ട് ബാക്കിയുള്ളപ്പോള്‍ ഒരാള്‍ പള്ളിക്കെട്ട് പാടാമോ എന്ന് ചോദിച്ചതെന്ന് റഷീദ് പറഞ്ഞു. 'സംഘാടകനോട് ചോദിച്ചപ്പോള്‍ ഒരു കുഴപ്പവുമില്ലെന്നും പാടാനും പറഞ്ഞു. പാട്ടു പാടി തുടങ്ങിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. ഒരാള്‍ കീബോര്‍ഡില്‍ ശക്തമായി അടിച്ച് പള്ളിയിലാണോ പള്ളിക്കെട്ട് പാടുന്നതെന്ന് ചോദിച്ചു. പേടിച്ചു പോയി. ആള് മദ്യപിച്ചിട്ടുണ്ടായിരുന്നു'- എന്നായിരുന്നു റഷീദിന്റെ വാക്കുകള്‍.
സംഭവത്തെത്തുടര്‍ന്ന് മാനസികമായി ഏറെ പ്രയാസമുണ്ടായെങ്കിലും പള്ളിയച്ചനും സംഘാടകരും വീണ്ടും പാടാന്‍ അവസരം നല്‍കിയതോടെ സന്തോഷമായെന്ന് റഷീദ് പറഞ്ഞു. പിന്നീട് പമ്പാ ഗണപതി ഭക്തിഗാനവും ആലപിച്ചു. പള്ളികളില്‍ ഇത്തരം പാട്ടുകള്‍ പാടാന്‍ കഴിയുന്നത് സന്തോഷമുള്ള കാര്യമാണ്. അതല്ലേ മതസൗഹാര്‍ദം. കലാകാരന്മാര്‍ക്ക് ജാതിയോ മതമോയില്ലെന്നും റഷീദ് പറഞ്ഞു.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണ് 'പള്ളിക്കെട്ട്'. ഏറെ സന്തോഷവും സ്‌നേഹവും നേടിത്തന്ന ഗാനമാണിതെന്നും റഷീദ് കൂട്ടിച്ചേര്‍ത്തു.
കോട്ടയം പാലാ കിഴപറയാര്‍ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നൂറാം പെരുന്നാളിനിടെയാണ് സംഭവം നടന്നത്. റഷീദ് പാടുന്നതിനിടെ ഒരാള്‍ വേദിയിലെത്തി ഗാനം തടസ്സപ്പെടുത്തുകയായിരുന്നു. അയ്യപ്പഭക്തിഗാനത്തിന് പകരം ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ പാടണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാളുടെ ഇടപെടലിന് പിന്നാലെ ആളുകള്‍ ബഹളം വച്ചു. തുടര്‍ന്ന് പള്ളികമ്മിറ്റി അം?ഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സദസിന് പുറത്താക്കുകയായിരുന്നു.
.jpg)

