'ഞാന്‍ പണ്ടേ കര്‍ക്കശക്കാരി; ഇത്തരം നിയമലംഘനങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കാറുണ്ട്'; പ്രഭാവതി പറയുന്നു

prabhavati

പണ്ട് രാഷ്ട്രീയത്തില്‍ സജീവമായിരുന്നെന്നും പിന്നീട് വാര്‍ഡനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രഭാവതിയമ്മ പറഞ്ഞു.


കോഴിക്കോട് എരഞ്ഞിപ്പാലം സിഗ്‌നല്‍ ജംഗ്ഷനില്‍ ഫുട്പാത്തിലൂടെ ബൈക്ക് ഓടിച്ചുകയറ്റുന്നത് ചോദ്യം ചെയ്ത വയോധികയെ തിരഞ്ഞ് സോഷ്യല്‍ മീഡിയ. ഒടുവില്‍ ഈ വൈറല്‍ താരം എരഞ്ഞിപ്പാലം സ്വദേശിയായ പ്രഭാവതിയാണെന്ന് കണ്ടെത്തി. താന്‍ പണ്ടേ കുറച്ച് കര്‍ക്കശകാരിയാണെന്നും ഇത്തരം നിയമലംഘനങ്ങള്‍ക്ക് ചുട്ടമറുപടി നല്‍കാറുണ്ടെന്നുമാണ് മാധ്യമങ്ങളോട് പ്രഭാവതിയമ്മ പ്രതികരിച്ചത്. പണ്ട് രാഷ്ട്രീയത്തില്‍ സജീവമായിരുന്നെന്നും പിന്നീട് വാര്‍ഡനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പ്രഭാവതിയമ്മ പറഞ്ഞു.

tRootC1469263">


ഇത്തരം രീതി വര്‍ഷങ്ങളായി താന്‍ അനുഭവിക്കുന്നതാണെന്ന് പ്രഭാവതി പറയുന്നു. സിഗ്‌നല്‍ വന്നതിന് പിന്നാലെ ഇതാണ് പ്രദേശത്തെ സ്ഥിരം അവസ്ഥ. കാലുവയ്യാതെ വെയിലത്ത് നടക്കുന്നതിന്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനിടെയാണ് ഫുട്പാത്തിലേക്ക് ഇരുചക്രവാഹനവുമായി ഒരാള്‍ കയറി വന്നത്. ഇതിലേ വണ്ടികള്‍ പോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ നിയമം പറയുകയാണോയെന്നായിരുന്നു ബൈക്ക് ഡ്രൈവറുടെ ചോദ്യമെന്ന് പ്രഭാവതി പറയുന്നു.

ഇതോടെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്ത് ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു, പിന്നാലെ ഇയാള്‍ ഫുട്പാത്തില്‍ നിന്ന് വണ്ടി മാറ്റി റോഡിലൂടെ പോവുകയാണ് ഉണ്ടായത്. നിങ്ങള്‍ ജയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ വണ്ടിയെടുത്ത് പോയതെന്നും പ്രഭാവതി പറയുന്നു. ആദ്യം തമാശ മട്ടിലാണ് വണ്ടി പിന്നോട്ടെടുക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇയാളുടെ പ്രതികരണം ശരിയല്ലെന്ന് കണ്ടതോടെയാണ് കര്‍ശനമായി നിലപാട് സ്വീകരിച്ചതെന്നും പ്രഭാവതി പറഞ്ഞു.
പ്രഭാവതിയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.

Tags