ഇതിനെ കൊണ്ടുകളയണം എന്ന് ഭർത്താവ് പറഞ്ഞു; ഒറ്റമോളാണ്,അമ്മയ്ക്ക് പ്രതീക്ഷയുണ്ടാകില്ലേ?വീടുവിട്ടിറങ്ങി നടി ലൗലി ബാബു

Husband said he should take this away; It's a one-off, won't mother have any hope? Actress Lovely Babu leaves home

തന്റെ അമ്മയെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ട ഭർത്താവിന്റെ വാക്കുകളെ വകവെക്കാതെ വീടും കുടുംബവും ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം പത്തനാപുരത്തെ ഗാന്ധിഭവനിൽ താമസമാക്കി നടി ലൗലി ബാബു. നാടകങ്ങളിലും സിനിമാ-സീരിയലുകളിലും അഭിനയിച്ചിരുന്ന ലൗലി ബാബു, 92 വയസ്സുള്ള അമ്മയേയും കൂട്ടി വീടുവിട്ടിറങ്ങുകയായിരുന്നു.

ലൗലിയുടെ ഭർത്താവിനും മക്കൾക്കും അമ്മയെ പരിപാലിക്കുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. ഒരിക്കൽ പ്രായമായ അമ്മയെ ഓച്ചിറയിലോ ഗുരുവായൂരോ ഉപേക്ഷിക്കാൻ ഭർത്താവ് ആവശ്യപ്പെട്ടു. എന്നാൽ മകളായ ലൗലിക്ക് അതേകുറിച്ച് ചിന്തിക്കാൻ പോലുമായില്ല. ഇതേതുടർന്ന് തന്റെ വീടുവിട്ട്, സിനിമാ ജീവിതംപോലും മാറ്റിവെച്ച് ലൗലി ഗാന്ധിഭവനിലെത്തുകയായിരുന്നു.

അമ്മയെ ഓച്ചിറയിൽ കൊണ്ടുപോയി കളയണം, അല്ലെങ്കിൽ ഗുരുവായൂർ ഇരുത്ത് എന്ന് ഭർത്താവ് പറഞ്ഞു. അതെനിക്ക് വലിയ സങ്കടമുള്ള സംഭവമായിരുന്നു. അന്നുതൊട്ട് അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് ഞാൻ ആലോചിച്ചിരുന്നു. അപ്പോൾ അമ്മ ഒറ്റപ്പെട്ട് പോകും, അത് അമ്മക്ക് മാനസിക പ്രയാസമാകും. ഞാൻ ഒറ്റമോളാണ്. അമ്മയ്ക്ക് പ്രതീക്ഷയുണ്ടാകില്ലേ? പിന്നീട് ഞാൻ ആലോചിച്ചു. ഞാനുംകൂടെ പോയാൽ അമ്മയ്ക്ക് സന്തോഷമാകും. അങ്ങനെ നമുക്ക് എവിടെങ്കിലും പോകാമെന്ന് ഞാൻ അമ്മയോട് ചോദിച്ചു. നീ എന്റെ കൂടെയുണ്ടെങ്കിൽ ഞാൻ എവിടെ വേണമെങ്കിലും വന്നോളാം എന്ന് അമ്മ പറഞ്ഞു, ലൗലി പറഞ്ഞു.

മക്കളേയും കൊച്ചുമക്കളേയും പൊന്നുപോലെ വളർത്തി. കാലം മാറിയപ്പോൾ മക്കൾ മാറി. അമ്മയ്ക്ക് ആ പഴയ സ്ത്രീയാവാനേ കഴിഞ്ഞുള്ളു. രണ്ട് മക്കളേയും വിളിച്ചപ്പോൾ അവർ വന്നു. എന്നാൽ അമ്മയെ ഒന്നു കാണാതെ പോയി. അതിന്റെ സങ്കടം എനിക്ക് സഹിക്കാൻ പറ്റിയില്ല. അവർ എന്തേ എന്ന് അമ്മ ചോദിച്ചപ്പോൾ ഇപ്പൊ വരും എന്നു ഞാൻ പറഞ്ഞു. അവർ വരുമെന്ന് പറഞ്ഞ് വൈകുന്നേരംവരെ അമ്മ നോക്കിനിന്നു, വന്നില്ല. അമ്മയെ നോക്കാൻ ഞാനുണ്ട്. എന്നെ നോക്കാൻ ആരുണ്ടാകും എന്ന ചോദ്യത്തിന് ഗാന്ധിഭവനുണ്ടാകും എന്ന വിശ്വാസത്തിലാണ് ഞാനിപ്പോൾ, ലൗലി കൂട്ടിച്ചേർത്തു.

ദ ഗിഫ്റ്റ് ഓഫ് ഗോഡ് ആണ് ആദ്യം ചെയ്ത സിനിമയെന്ന് ലൗലി വീഡിയോയിൽ പറഞ്ഞു. നാലു പെണ്ണുങ്ങൾ, ഭാഗ്യദേവത, മേരിക്കുണ്ടൊരു കുഞ്ഞാട്, തന്മാത്ര, പുതിയ മുഖം, പ്രണയം, വെനീസിലെ വ്യാപാരി തുടങ്ങി ഒരുപിടി സിനിമകളിലും ലൗലി ബാബു അഭിനയിച്ചിട്ടുണ്ട്.
 

Tags