പമ്പാനദിയില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി
ചൂണ്ടയില്‍ എന്തോ കുടുങ്ങിയതിനെ തുടർന്ന് ഇവർ ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയില്‍ താഴ്ന്നുകിടന്ന ചാക്ക് ശ്രദ്ധയില്‍പ്പെട്ടത്
ചെങ്ങന്നൂർ :പമ്പാനദിയില്‍ കല്ലിശ്ശേരി റെയില്‍വേ പാലത്തിന് സമീപത്തുനിന്ന് ചാക്കില്‍ക്കെട്ടിയ നിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു.ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ നദിയില്‍ ചൂണ്ടയിടുകയായിരുന്ന രണ്ട് യുവാക്കളാണ് കനത്ത ഭാരമുള്ള ചാക്കുകെട്ട് കണ്ടെത്തിയത്.
ചൂണ്ടയില്‍ എന്തോ കുടുങ്ങിയതിനെ തുടർന്ന് ഇവർ ആറ്റിലിറങ്ങി പരിശോധിച്ചപ്പോഴാണ് നദിയില്‍ താഴ്ന്നുകിടന്ന ചാക്ക് ശ്രദ്ധയില്‍പ്പെട്ടത്. കരയ്‌ക്കെത്തിച്ച് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ ഇത് തുറന്നു നോക്കിയപ്പോഴാണ് ഉള്ളില്‍ അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
ചില ക്രൈസ്തവ വിഭാഗങ്ങള്‍ ശവസംസ്കാര ചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്ന വിശുദ്ധവസ്ത്രം, മഞ്ഞനിറത്തിലുള്ള പട്ട്, ശവപ്പെട്ടിയുടെ കൈപ്പിടി എന്നിവയും അസ്ഥികള്‍ക്കൊപ്പം ചാക്കില്‍ അടക്കം ചെയ്തിരുന്നു.
സംഭവമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി അവശിഷ്ടങ്ങള്‍ കസ്റ്റഡിയിലെടുത്തു. അസ്ഥികളിലോ തലയോട്ടിയിലോ പരിക്കേറ്റതിന്റെ പാടുകളുണ്ടോ എന്ന് കണ്ടെത്താനും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കുമായി ഇവ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കും ഫൊറൻസിക് ലാബിലേക്കും അയച്ചിട്ടുണ്ട്.
.jpg)

