ഹഡില്‍ ഗ്ലോബല്‍ 2024: റൗള്‍- സ്വന്തം അധ്യാപകര്‍ക്ക് ക്ലാസെടുക്കാന്‍ അവസരം ലഭിച്ച ബാലപ്രതിഭ

Huddle Global 2024: Raoul- The child prodigy who got a chance to take classes with his own teachers
Huddle Global 2024: Raoul- The child prodigy who got a chance to take classes with his own teachers

തിരുവനന്തപുരം: അധ്യാപകര്‍ക്ക് ക്ലാസെടുക്കുന്ന പതിന്നാലുകാരന്‍ പ്രതിഭ ഹഡില്‍ ഗ്ലോബലില്‍. ഇടപ്പള്ളി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താംക്ലാസുകാരന്‍ റൗള്‍ ജോണ്‍ അജുവാണ് ഈ അപൂര്‍വ അവസരത്തിന്‍റെ ഉടമ. കോവളത്ത് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സമ്മേളനത്തില്‍ റൗള്‍ അതിഥിയായി എത്തി.

കുട്ടിക്കാലം മുതല്‍ നിര്‍മിതബുദ്ധിയിലും റോബോട്ടിക്സിലും അര്‍പ്പണ ബുദ്ധിയോടെ നടത്തിയ അധ്വാനത്തില്‍ നിന്നാണ് റൗള്‍ ഇത് നേടിയെടുത്തത്. മൂന്നു ദിവസം നീളുന്ന പരിപാടിയിലെ ആദ്യദിവസത്തെ സെഷനില്‍ എ.ഐയിലും റോബോട്ടിക്സിലുമുള്ള റൗളിന്‍റെ പാടവം പ്രകടമായി. സാങ്കേതികവിദ്യയിലൂടെ ഭാവിയെ രൂപപ്പെടുത്തുന്ന ഡ്രീം ബിഗ് കോഡ് എന്ന ശീര്‍ഷകത്തില്‍ നടന്ന സെഷനില്‍ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതിനുള്ള വിവിധ എ.ഐ സംവിധാനങ്ങളെക്കുറിച്ച് റൗള്‍ വിശദമാക്കി.

പരീക്ഷണത്തിലൂടെ തന്ത്രപരമായി വിവിധ എ.ഐ പ്രയോഗങ്ങള്‍ സ്റ്റാര്‍ട്ടപ്പ് നിര്‍മിക്കാന്‍ ഉപയോഗിക്കാമെന്ന് റൗള്‍ പറഞ്ഞു. ബിസിനസ് സംരംഭത്തിന്‍റെ പ്രാരംഭഘട്ടം, സാധ്യതകള്‍, വെബ്സൈറ്റ് രൂപീകരണം, ലോഗോകള്‍ തയ്യാറാക്കല്‍, ബിസിനസ് അവതരണം, മാര്‍ക്കറ്റിങ് എന്നിവയ്ക്കും എ.ഐ.ഉപയോഗിക്കാമെന്നും റൗള്‍ വിശദീകരിച്ചു. സ്റ്റാര്‍ട്ടപ്പിന് വേണ്ട എല്ലാ വസ്തുക്കളും നിര്‍മിക്കാന്‍ എ.ഐ.ഉപയോഗിക്കാമെന്നും റൗള്‍ ചൂണ്ടിക്കാട്ടി.

ന്യായ സതി എന്ന എ.ഐ. പിന്തുണയുള്ള ഒരു നിയമസഹായ സംവിധാനം റൗള്‍ വികസിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ സാധാരണക്കാരന് പെട്ടെന്ന് ലഭ്യമാകുന്ന നിയമവിവരങ്ങള്‍ അടങ്ങിയതാണിത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സി.ഇ.ഒയായ അനൂപ് അംബികയും ഈ പ്രക്രിയയിലുടനീളം തന്നെ സഹായിച്ചിട്ടുണ്ടെന്ന് റൗള്‍ പറഞ്ഞു.

യു.എസിലും യു.കെ കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്കും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കും റൗള്‍ ക്ലാസുകളെടുക്കുന്നുണ്ട്. എ.ഐയുടെ പ്രവര്‍ത്തനം, യന്ത്രത്തെക്കുറിച്ചുള്ള പഠനം, എ.ഐ.ഭാഷാരൂപങ്ങള്‍ എന്നിവയെക്കുറിച്ചാണ് റൗള്‍ പഠിപ്പിക്കുന്നത്.

ക്ലാസുകള്‍, സെഷനുകള്‍ എന്നിവയിലെ അവതരണങ്ങള്‍ക്ക് റൗള്‍ എ.ഐ ഉപയോഗിക്കുന്നു. റൗളിന്‍റെ പഠനം, ദൈനംദിന ജോലികള്‍ എന്നിവയ്ക്കിടയില്‍ സമയം ലാഭിക്കാന്‍ ഇത് സഹായിക്കുന്നു. എ.ഐ. വര്‍ത്തമാനകാലവും ഭാവിയുമാണ്. ഇത് ഉത്പാദനം, വരുമാനം എന്നിവ കൂട്ടുന്നതിനൊപ്പം സാധ്യതയുടെ ഒരു പുതിയ ലോകമാണ് തുറക്കുന്നത്. കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ക്ക് എ.ഐ മൂലമുണ്ടായ ഉത്പാദന വര്‍ധനയെക്കുറിച്ച് റൗള്‍ വ്യക്തമാക്കി.

ഐ.ടി- ഇലക്ട്രോണിക്സ് സെക്രട്ടറി ഡോ.രത്തന്‍ യു.ഖേല്‍ക്കര്‍ റൗളിന്‍റെ പ്രകടനത്തെ അഭിനന്ദിക്കുകയും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഉപഹാരം റൗളിന് നല്‍കുകയും ചെയ്തു. 

Tags